- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി ജോ റൂട്ടും ജേക്കബ് ബേഥലും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്; മറികടന്നത് ഇന്ത്യയുടെ റെക്കോര്‍ഡ്
റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയവുമായി ഇംഗ്ലണ്ട്
സതാംപ്ടണ്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യയുടെ റെക്കോഡാണ് മറികടന്നത്. 2023-ല്‍ ശ്രീലങ്കയ്ക്കെതിരേ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. 2023ല്‍ ഓസീസ്, നെതര്‍ലന്‍ഡ്സിനെതിരെ നേടിയ 309 റണ്‍സ് ജയം മൂന്നാമതായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 414 റണ്‍സ്. ജോ റൂട്ട് (100), ജേക്കബ് ബേഥല്‍ (110) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ കേവലം 72 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചര്‍, മൂന്ന് പേരെ പുറത്താക്കിയ ആദില്‍ റഷീദ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ് (10), കേശവ് മഹാരാജ് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എയ്ഡന്‍ മാര്‍ക്രം (0), റയാന്‍ റിക്കിള്‍ട്ടണ്‍ (1), വിയാള്‍ മള്‍ഡര്‍ (0), മാത്യൂ ബ്രീറ്റ്സ്‌കെ (4), ഡിവാള്‍ഡ് ബ്രേവിസ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കോഡി യൂസുഫാണ് (5) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ തെംബ ബാവൂമ (0) ബാറ്റിംഗിനെത്തിയില്ല. നന്ദ്രേ ബര്‍ഗര്‍ (2) പുറത്താവാതെ നിന്നു.
നേരത്തെ, റൂട്ടിന്റേയും ബേഥലിന്റെ സെഞ്ചുറിക്ക് പുറമെ ജെയ് സ്മിത്ത് (62), ജോസ് ബട്ലര്‍ (32 പന്തില്‍ പുറത്താവാതെ 62) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ ഡക്കറ്റ് (31), ഹാരി ബ്രൂക്ക് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്‍ ജാക്സ് (19) പുറത്താവാതെ നിന്നു.