ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍. റണ്ണെടുക്കും മുമ്പെ ഓപ്പണര്‍ സൗമ സര്‍ക്കാറിനെയും നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയും പുറത്താക്കിയ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ കാത്തു. സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. തന്‍സിദ് ഹസനും മെഹിദി ഹസന്‍ മിറാസുമാണ് ക്രീസില്‍.

ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാറിനെ കീപ്പര്‍ കെ എല്‍ രാഹുലിന്റെ കയ്യിലെത്തിച്ച മുഹമ്മദ് ഷമി ഞെട്ടിക്കുന്ന തുടക്കമാണ് നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ സ്ലിപ്പില്‍ വിരാട് കോലിയുടെ കൈയ്യിലെത്തിച്ച് ഹര്‍ഷിത് റാണ രണ്ടാമത്തെ വെടിയും പൊട്ടിച്ചു. ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയിലാണ്.

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. 2023 ലോകകപ്പ് ഫൈനലിനുശേഷം ഇത് തുടര്‍ച്ചയായി 11-ാം തവണയാണ് ഇന്ത്യക്ക് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 11 തവണ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്സിനൊപ്പമെത്തി.

അര്‍ഷ്ദീപ് സിംഗ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. താരത്തെ പുറത്തിരുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ അമ്പരപ്പിച്ചു. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവരണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഡിപാര്‍ട്ട്മെന്റിന് കരുത്തേകും. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. ഋഷഭ് പന്ത് പുറത്തിരിക്കും.

പരിക്കേറ്റ പുറത്തായ ജസ്പ്രീത് ബുമ്ര ഒഴികെ, കിട്ടാവുന്ന ഏറ്റവും മികച്ച താരങ്ങളുമായിട്ടാണ് ടീം ഇന്ത്യ എത്തിയിരിക്കുന്നത്. ഞായറാഴ്ച പാകിസ്ഥാനെ നേരിടും മുന്നേ ബംഗ്ലാദേശിനെ തോല്‍പിച്ച് ആത്മവിശ്വാസം കൂട്ടണം ഇന്ത്യക്ക്. എല്ലാവരും ഒരിക്കല്‍ക്കൂടി ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ബാറ്റുകളിലേക്ക്.

ഇരുവരുടേയും അവസാന ഏകദിന ടൂര്‍ണമെന്റായിരിക്കുമെന്നുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് ശേഷിക്കുന്നത്. ഇതില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.