ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരടക്കം പതറിയ ഡര്‍ബനിലെ പിച്ചില്‍ മിന്നും സെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിത്തകര്‍ത്താണ് സഞ്ജു സാംസണ്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി 20 ജേഴ്സിയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. 47 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. ഒടുവില്‍ 50 പന്തില്‍ 107 റണ്‍സ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഈ ഇന്നിങ്‌സോടെ റെക്കോര്‍ഡ് ബുക്കുകളിലും സഞ്ജുവിന്റെ പേര് പതിഞ്ഞു കഴിഞ്ഞു.

പ്രോട്ടീസിനെതിരായ ആദ്യ ടി20യില്‍ 10 സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. തുടര്‍ച്ചയായ കളികളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ട് ട്വന്റി 20 ഇന്നിംഗ്സുകളില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനുമായി സഞ്ജു മാറിക്കഴിഞ്ഞു.

തന്റെ മികച്ച ഇന്നിംഗ്‌സിന് പിന്നില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ തന്റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവ് വ്യക്തത നല്‍കിയിരുന്നുവെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. ദുലീപ് ട്രോഫി മത്സരം കളിക്കുന്ന സമയമാണ് ഓപ്പണറായി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കും എന്ന് സഞ്ജുവിനെ സൂര്യ അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചറിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു സഞ്ജു.

ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, രണ്ടാമത്തെ മത്സരത്തില്‍, സൂര്യ എന്റെ എതിര്‍ ടീമില്‍ കളിക്കുകയാണ്. ആ മത്സരത്തില്‍ വെച്ച് സൂര്യ എന്നോട് പറഞ്ഞു, ചേട്ടാ.. നീ അടുത്ത ഏഴ് മത്സരങ്ങള്‍ കളിക്കും. അടുത്ത ഏഴ് മത്സരങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ പൂര്‍ണമായും പിന്തുണയ്ക്കും, സൂര്യയുടെ വാക്കുകള്‍ വെളിപ്പെടുത്തി സഞ്ജു പറഞ്ഞു.

സൂര്യയുടെ ആ വാക്കുകള്‍ക്ക് ശേഷം എനിക്ക് ക്ലാരിറ്റി ലഭിച്ചു. കരിയറില്‍ ആദ്യമായാണ് എനിക്ക് അതുപോലൊരു വ്യക്തത ലഭിക്കുന്നത്. ഏഴ് മത്സരങ്ങള്‍ എനിക്ക് മുന്‍പിലുണ്ടെന്ന് ഉറപ്പായി. അതോടെ നിശ്ചയദാര്‍ഡ്യത്തോടെയാണ് ഞാന്‍ പരിശീലനം നടത്തിയത്. എനിക്ക് വ്യത്യസ്തമായി ചിലത് ചെയ്യേണ്ടിയിരുന്നു. ക്യാപ്റ്റനില്‍ നിന്ന് അത്രയും വ്യക്തതയും പിന്തുണയും ലഭിക്കുമ്പോള്‍ അതിന്റെ ഫലം ഗ്രൗണ്ടിലും പ്രകടമാവും, സഞ്ജു പറയുന്നു.

ഏഴ് മത്സരങ്ങളില്‍ ഞാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും എന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഞാന്‍ അധികം ചിന്തിക്കുന്നില്ല. ടീമിന് വേണ്ടത് സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം. രാജ്യത്തിനായി സെഞ്ചറി നേടുക എന്നത് പ്രത്യേക അനുഭവമാണ് നല്‍കുന്നത്. എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കുന്ന വിക്കറ്റായിരുന്നു ഡര്‍ബനിലേത്. ഇവിടെ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മഴയുണ്ടായിരുന്നു. അതുകൊണ്ട് പ്രയാസകരമായിരിക്കും എന്ന് എനിക്കറിയാമായിരുന്നു, സഞ്ജു പറയുന്നു.

ഡര്‍ബനിലെ പിച്ചും കാലാവസ്ഥയുമെല്ലാം പരിഗണിച്ചാണ് ടീം ആദ്യ മത്സരത്തിന് തയ്യാറെടുത്തത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു എങ്കിലും ടീം പരിശീലനം മുടക്കിയിരുന്നില്ല. രണ്ട് മൂന്ന് മണിക്കൂര്‍ ബാറ്റ് ചെയ്തു, അത് ഇവിടെ ഗുണം ചെയ്‌തെന്നും സഞ്ജു വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്തപ്പോള്‍ 10 സിക്‌സും ഏഴ് ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്.

സൂര്യകുമാര്‍ നല്‍കിയ ഉറപ്പില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്ന സഞ്ജുവിനെ സ്ഥിരമായി ടീമില്‍ പിന്തുണച്ചാല്‍ എന്താകും ഫലമെന്ന് ചര്‍ച്ച ചെയ്യുകയാണ് ആരാധകര്‍. സൂര്യകുമാര്‍ പറഞ്ഞ ഏഴ് മത്സരങ്ങളിലെ നാല് എണ്ണത്തില്‍ സഞ്ജു നടത്തിയ പ്രകടനം വിലയിരുത്തിയാണ് ആരാധകര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്.

ദുലീപ് ട്രോഫി കളിക്കുന്ന സഞ്ജു സാംസണോട് മാച്ചിന്റെ ഇടയ്ക്ക് തന്നെ സൂര്യകുമാര്‍ യാദവ് ചെന്ന് പറഞ്ഞതാണ് സഞ്ജു അടുത്ത ഏഴ് മാച്ച് കളിക്കുമെന്നും എന്ത് സംഭവിച്ചാലും ആ ഏഴ് മാച്ചുകളില്‍ താന്‍ സഞ്ജുവിനെ പിന്താങ്ങുമെന്നും. ദുലീപ് ട്രോഫിയിലെ ഇന്‍ഡ്യ ഡിയും ഇന്‍ഡ്യ ബിയും തമ്മിലുള്ള മാച്ചില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. സൂര്യകുമാര്‍ യാദവ് പറഞ്ഞ ഏഴ് മാച്ചിലെ നാലാം മാച്ചായിരുന്നു ഇന്നലെ. ആദ്യ മാച്ചില്‍ 29, രണ്ടാം മാച്ചില്‍ 10. സാധാരണ ഗതിയില്‍ മൂന്നാം മാച്ചില്‍ സഞ്ജു പുറത്തിരുന്നേനെ. പക്ഷേ സൂര്യ വാക്ക് പാലിച്ചു. മൂന്നാം മാച്ചിലും സഞ്ജു തന്നെ ഓപ്പണ്‍ ചെയ്തു.

റിസള്‍ട്ട് - മൂന്നാം മാച്ചില്‍ സഞ്ജുവിന്റെ ആദ്യ ട്വന്റി ട്വന്റി സെഞ്ചുറി. വെറും നാല്‍പ്പത്തേഴ് പന്തുകളില്‍ 111 റണ്‍. അതില്‍ 11 ബൗണ്ടറികളും 8 സിക്‌സറുകളും

നാലാം മാച്ചില്‍ വീണ്ടും സെഞ്ചുറി. ഇത്തവണ 50 പന്തില്‍ 107 അടുത്തടുത്ത ഇന്റര്‍നാഷണല്‍ ട്വന്റി ട്വന്റി മാച്ചുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. ലോകത്തിലെ നാലാമത്തെ താരം. ഇത്തവണ 7 ബൗണ്ടറികളും 10 സിക്‌സറുകളും. രോഹിത് ശര്‍മയുടെ 10 സിക്‌സറുകളുടെ റെക്കോഡിനൊപ്പം. രണ്ട് മാച്ചുകളിലായി 18 ബൗണ്ടറികളും 18 സിക്‌സറുകളും. 97 പന്തുകളില്‍ നിന്ന് 218 റണ്‍. അതില്‍ 180 റണ്ണുകളും വന്നത് ബൗണ്ടറികളില്‍ നിന്നും സിക്‌സറുകളില്‍ നിന്നും. എന്തുകൊണ്ട്?

ആകാശം ഇടിഞ്ഞുവീണാലും ഞാന്‍ ഏഴ് മാച്ച് നിന്റെ കൂടെ ഉണ്ടാവും എന്ന ഉറപ്പിന്റെ ബലം കൊണ്ട്. വെറും ഏഴ് മാച്ച് ഉറപ്പ് കൊടുത്തപ്പൊ ഇതാണ് റിസള്‍ട്ട്. സ്ഥിരം സ്ഥാനം ഒന്ന് കൊടുത്തുനോക്ക്. ഇന്ത്യന്‍ ടീമിലെ മുന്‍ നിരയില്‍ കസേര വലിച്ചിട്ട് ഇരിക്കുന്നത് കാണാം. മൂന്ന് ഫോര്‍മാറ്റിലുമെന്നും ആരാധകര്‍ പറയുന്നു.

അതേ സമയം തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും രംഗത്ത് വന്നു. വര്‍ഷങ്ങളോളം പിന്നണിയില്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് കൊയ്യുന്നതെന്ന് സൂര്യകുമാര്‍ യാദവ് പറയുന്നു.

സഞ്ജുവിന്റെ നേട്ടങ്ങള്‍ക്കു പിന്നിലുള്ള ആ കഠിനാധ്വാനത്തിന്റെ നാളുകള്‍ ആരും കാണാതെ പോകരുത്. എക്കാലവും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന താരമാണ് സഞ്ജു. 90 കടന്നാലും സെഞ്ചറിക്കായി ശ്രമിക്കാതെ സിക്‌സും ഫോറും നേടാന്‍ ശ്രമിക്കുന്നത് ടീമിന്റെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്. ഇതാണ് സഞ്ജുവിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നതെന്നും സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു.

''വ്യക്തിപരമായി വളരെ സന്തോഷം നല്‍കുന്ന ഇന്നിങ്‌സാണ് സഞ്ജു ഇന്ന് കളിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ഇതിനായി സഞ്ജു നടത്തുന്ന കഠിനാധ്വാനം എനിക്കറിയാം. ഇത്രയും വര്‍ഷങ്ങള്‍ ബോറടിപ്പിക്കുന്ന ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യുന്നത് ചെറിയ കാര്യമല്ല. ഇത്രും കാലത്തെ ആ കഠിനാധ്വാനത്തിന്റെ ഫലമാണ് സഞ്ജു ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കൊയ്യുന്നത്.

''എപ്പോഴും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്കു പരിഗണന നല്‍കുന്നുവെന്നതും സഞ്ജുവിന്റെ പ്രത്യേകതയാണ്. നോക്കൂ, 90കളില്‍ നില്‍ക്കുമ്പോഴും ടീമിന്റഎ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി ബൗണ്ടറികളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എങ്ങനെയും സിക്‌സറുകളും ഫോറുകളും നേടാനായിരുന്നു ശ്രമം. അതാണ് മറ്റുള്ളവരില്‍നിന്ന് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത്' സൂര്യകുമാര്‍ യാദവ് ചൂണ്ടിക്കാട്ടി.

കൈക്കരുത്തും ക്ലാസിക്കില്‍ ഷോട്ടുകളും സമംചേര്‍ത്ത സെഞ്ചറിയുമായാണ് ഓപ്പണിങ് റോളില്‍ താന്‍ 'വേറെ ലെവലാണെന്ന്' സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി തെളിയിച്ചത്. സഞ്ജുവിന്റെ സെഞ്ചറിച്ചിറകിലേറി ( 50 പന്തില്‍ 107) റണ്‍മല സൃഷ്ടിച്ച ടീം ഇന്ത്യയ്ക്കു മുന്നില്‍ പൊരുതി നില്‍ക്കാന്‍ പോലുമാകാതെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ സര്‍വാധിപത്യം കണ്ട ആദ്യ ട്വന്റി20യില്‍ 61 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. സെഞ്ചറിയുമായി ഇന്ത്യയെ മുന്നില്‍നിന്നു നയിച്ച സഞ്ജു കളിയിലെ കേമനായി.