അഹമ്മദാബാദ്: വ്യാഴാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി സെമി ഫൈനലിന്റെ നിര്‍ണായക സാഹചര്യത്തില്‍ ഗുജറാത്തിന്റെ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിക്ക് പകരം സീം ബൗളിംഗ് ഓള്‍റൗണ്ടര്‍ ഹേമാംഗ് പട്ടേലിനെ കണ്‍കഷന്‍ സ്ബസ്റ്റിറ്റിയൂട്ടായി നിയോഗിച്ചത് ഗുജറാത്ത് ബാറ്റിംഗിന്റെ കരുത്തു കൂട്ടി ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടാനായിരുന്നു. കേരള ഓഫ് സ്പിന്നര്‍ ജലജ് സക്സേന അതൃപ്തി രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ സന്ദര്‍ശകര്‍ 457 റണ്‍സിന് പുറത്തായതിന് ശേഷം നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഗുജറാത്ത് ബാറ്റ് ചെയ്തതോടെ, ബിഷ്ണോയിയുടെ പകരക്കാരനായി ഹേമാംഗ് പട്ടേല്‍ എത്തി. ബിഷ്‌ണോയിയേക്കാള്‍ മികച്ച ബാറ്റര്‍. കളിയില്‍ നിന്നും മാറി നില്‍ക്കേണ്ട വിധം പരിക്ക് ബിഷ്‌ണോയിയ്ക്കുണ്ടായിരുന്നോ എന്നതും ഉയര്‍ന്ന ചോദ്യം. ബിഷ്‌ണോയിയ്ക്ക് ഫീല്‍ഡിംഗിനിടെ മുഖത്തിന് പരിക്കേല്‍ക്കുകയും മൂക്കില്‍ നിന്ന് രക്തം വരുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഇന്നിംഗ്‌സിലെ ലീഡിന് വേണ്ടിയായിരുന്നു ഗൂജറാത്ത് കണ്‍കഷന്‍ സബ്റ്റിറ്റിയൂട്ടിനെ ഇറക്കിയത്. കളിയുടെ നാലാം ദിനം രാവിലത്തെ സെഷനില്‍ സക്സേന രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ, ഗുജറാത്ത് ഹേമാംഗിനെ ടീമിന്റെ പ്രധാന റണ്‍ സ്‌കോറര്‍മാരായ ജയ്മീത് പട്ടേലിനും ക്യാപ്റ്റന്‍ ചിന്തന്‍ ഗജയ്ക്കും മുന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. ഈ നീക്കത്തെ ജലജ് സക്‌സേന അടക്കം വിമര്‍ശിച്ചിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടു വരികയും ചെയ്തിരുന്നു. ഇതോടെ ഈ നിയമത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി. 2 ടീമുകളുടെയും രണ്ടാം ഇന്നിങ്‌സ് കൂടി പൂര്‍ത്തിയായി ഫലനിര്‍ണയത്തിനുള്ള സാധ്യത വിരളമായതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇനി ഫൈനലിലെത്തണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കി, ഗുജറാത്തും ബാറ്റിങ് പൂര്‍ത്തിയാക്കേണ്ടിവരും. കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175ാം ഓവറില്‍ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സര്‍വാതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന്‍ അര്‍സാന്‍ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റണ്‍സ് ലീഡ് സ്വന്തമായി. അങ്ങനെ കണ്‍കഷന്‍ സ്ബസ്റ്റിറ്റിയൂട്ട് ചതിയേയും കേരളം തോല്‍പ്പിച്ചു.

2016 സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ഐ.സി.സിയുടെ അനുമതിയോടെ ആദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം പരീക്ഷിക്കുന്നത്. പിന്നാലെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലും നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.സി.സി ഈ നിയമം കൊണ്ടു വന്നു. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തില്‍ അതാത് മല്‍സരം നിയന്ത്രക്കുന്ന മാച്ച് റഫറിക്കാണ് പരാമധികാരമെന്നു പറയാം. കാരണം മാച്ച് റഫറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഒരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിന് അനുവാദമുള്ളൂ. മാത്രമല്ല പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബൗളിങ്, ബാറ്റിങ് എന്നിവ ചെയ്യണമെങ്കിലും മാച്ച് റഫറിയുടെ അനുമതി വേണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഈ നിയമം പരീക്ഷിച്ചത് ഓസ്ട്രേലിയയാണ്. ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. അന്ന് പരുക്കേറ്റ് വീണ സ്റ്റീവ് സ്മിത്തിനു പകരം മാര്‍നസ് ലബ്യുഷെയ്ന്‍ ക്രീസിലെത്തുകയായിരുന്നു. പിന്നീട് ഓസ്ത്രേലിയക്കെതിരായ ടി20യില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായി മാറിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ചര്‍ച്ചകളില്‍ എത്തി. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു ഫീല്‍ഡിങിനു ഇറങ്ങാന്‍ കഴിയാതിരുന്നതോടെയാണ് മാച്ച് റഫറിയുടെ അനുമതിയോടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ ചഹലിനെ അന്ന് കളിപ്പിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ 15 റണ്‍സിന്റെ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും മത്സരത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ വിജയത്തിന്റെ തന്നെ ശോഭ കെടുത്തുകയും ചെയ്തു. മത്സരത്തിന് തൊട്ട് പിന്നാലെ തന്നെ വിവാദം ഉടലെടുത്തെങ്കിലും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പരസ്യമായി രംഗത്ത് വന്നതോടെ സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മത്സരത്തില്‍ നിര്‍ണ്ണായകമായ ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഉപയോഗിച്ച ഹര്‍ഷിത് റാണയുടെ ബൗളിങ്ങായിരുന്നു. റാണയെ ഇറക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് തീരുമാനം തന്നെയാണ് വിവാദമായതും. ഇന്ത്യയുടെ ബാറ്റങ്ങിലെ അവസാന ഒവറില്‍ പന്ത് ഹെല്‍മറ്റിലിടിച്ചതോടെ ഇന്ത്യയ്ക്കായി ദുബെ ഫീല്‍ഡ് ചെയ്തില്ല. പകരം ഹര്‍ഷിത് റാണയെ ഇറക്കിയ ഇന്ത്യ ഒരു പേസറുടെ അധിക ആനുകൂല്യവും നേടി. ഹര്‍ഷിതിന്റെ ടി20 അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മൂന്നു വിക്കറ്റുമായി ഹര്‍ഷിത് തിളങ്ങുകയും ചെയ്തതോടെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ശിവം ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറായ ബൗളറാണ്. ദുബെയുടെ ബൗളിങ് വലിയ നിലവാരം പുലര്‍ത്തുന്നതല്ല. അതിനാല്‍ ഇന്ത്യ ദുബെക്ക് പകരക്കാരനായി കളിപ്പിക്കേണ്ടത് രമണ്‍ദീപ് സിങ്ങിനെയാണ്. എന്നാല്‍ ഇന്ത്യ ബുദ്ധിപരമായി ഹര്‍ഷിത് റാണയെ ഉപയോഗിച്ചു. ഇന്ത്യയുടെ ഈ തീരുമാനം അപ്പോള്‍ത്തന്നെ ഇംഗ്ലണ്ട് ചോദ്യം ചെയ്തു. ഹര്‍ഷിത് ഇന്ത്യയുടെ മാച്ച് വിന്നറായതിന് പിന്നാലെയാണ് വിമര്‍ശനം കടുപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തു.

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് അനുവദിക്കുന്ന സമയത്ത് തങ്ങളുടെ അഭിപ്രായം തേടിയിരുന്നില്ലെന്നും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഫീല്‍ഡില്‍ ഹര്‍ഷിത് റാണയെ കണ്ട് ആര്‍ക്കു പകരമാണ് ഇദ്ദേഹം ഇറങ്ങിയതെന്ന് താന്‍ ആലോചിക്കുകയും ചെയ്തതായി ബട്ട്ലര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ഹര്‍ഷിത് ഇറങ്ങിയതെന്ന് അറിയുന്നതു തന്നെ അപ്പോഴാണ്. ഇതിനോട് യോജിക്കാനാകില്ലെന്നും ഒരുപോലെയുള്ള കളിക്കാരല്ല ഇരുവരുമെന്നും ബട്ട്ലര്‍ വ്യക്തമാക്കുകയും ചെയ്തു. ദുബെക്ക് പരിക്കേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ പകരക്കാരനായി കളിപ്പിക്കേണ്ടത് അതേ മികവുള്ള ഓള്‍റൗണ്ടറെയാണ്.ഹര്‍ഷിത് റാണ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ്.എന്നാല്‍ ഓള്‍റൗണ്ടറാണെന്ന് പറയാനാവില്ല.അവിടെ രാമന്‍ദീപ് സിംഗ് പകരക്കാരുടെ ബഞ്ചില്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് ഹര്‍ഷിത് എത്തിയത് എന്നാണ് ക്രിക്കറ്റ് വിദഗ്ധരില്‍ ചിലര്‍ ചോദിച്ചത്. ഹര്‍ഷിത് മൂന്ന് വിക്കറ്റ് എടുത്ത സാഹചര്യത്തില്‍ ശിവം ദുബെയെപ്പോലുള്ള ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്ക് പകരക്കാരന്‍ രമണ്‍ദീപ് സിംഗ് ആണെന്നാണ് താന്‍ കരുതുന്നതെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

'പകരത്തിനു പകരം' മാനദണ്ഡം പാലിക്കപ്പെടാതെ ഇന്ത്യക്ക് ഹര്‍ഷിത് റാണയെ സബ് ആയി ഇറക്കാന്‍ സാധിച്ചത് എന്തുകൊണ്ടാകും എന്ന ചര്‍ച്ചയ്ക്കും മറുപടികള്‍ എത്തി. ശേഷിക്കുന്ന മത്സരത്തില്‍ ദുബെയ്ക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കായി ബൗള്‍ ചെയ്യുകയും ഫീല്‍ഡ് ചെയ്യുകയുമാണ്. ഇത് രണ്ടും സാധ്യമാകുന്ന താരമാണ് ഹര്‍ഷിത് റാണ എന്ന വിലയിരുത്തലാണ് പൂണെ ട്വന്റി 20 യിലെ കണ്‍കഷന്‍ സബ് തീരുമാനത്തിനു പിന്നില്‍. കണ്‍കഷന്‍ സബ് നിയമത്തിലെ ഈ പഴുതാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. അപ്പോഴും പാര്‍ട് ടൈം ബൗളറായ ശിവം ദുബെയ്ക്ക് പകരക്കാരനെന്ന നിലയില്‍ പ്രോപ്പര്‍ പേസറായ ഹര്‍ഷിത് റാണ വന്നത് പൂര്‍ണമായി നീതികരിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് വാസ്തവം. ശ്രീനാഥായിരുന്നു ഈ മത്സരത്തിലെ മാച്ച് റഫറി.