- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് താരങ്ങളെയും ഇനി കര്‍ശനമായി 'നിരീക്ഷിക്കാന്‍' ഉത്തേജക വിരുദ്ധ ഏജന്‍സി; നാഡയുടെ 'പരിശോധനാ പട്ടിക'യില്‍ സഞ്ജുവും; പുരുഷ ടീമില്‍ നിന്നും 11 പേരും വനിതാ ടീമില്‍നിന്നും മൂന്ന് പേരും; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ മൂത്രസാമ്പിള്‍ ശേഖരിക്കും
ക്രിക്കറ്റ് താരങ്ങളെയും ഇനി കര്‍ശനമായി 'നിരീക്ഷിക്കാന്‍' ഉത്തേജക വിരുദ്ധ ഏജന്‍സി
ന്യൂഡല്‍ഹി: കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ഇനി കൂടുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നിരീക്ഷണത്തിലേക്ക്. 2019 ഓഗസ്റ്റ് മുതലാണ് രാജ്യത്ത് ക്രിക്കറ്റിനെയും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്കു കീഴില്‍ കൊണ്ടുവന്നത്. എല്ലാ ക്രിക്കറ്റ് താരങ്ങളിലും പരിശോധന നടത്തണമെന്നാണു ചട്ടമെങ്കിലും ഭൂരിഭാഗം പേരിലും പരിശോധന നടത്തിയിരുന്നില്ല. 2021 മുതല്‍ 2022 വരെ 5,961 പരിശോധനകള്‍ നടത്തിയതില്‍ 114 എണ്ണം മാത്രമാണ് ക്രിക്കറ്റ് താരങ്ങളുടേത്. രാജ്യത്തെ അത്‌ലീറ്റുകളില്‍ 1717 പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെയാണ് കൂടുതല്‍ ക്രിക്കറ്റ് താരങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനമായത്.
ഇതിന്റെ ഭാഗമായി നാഡ തയാറാക്കിയ 'റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി'ല്‍ (ആര്‍ടിപി) മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരും പട്ടികയിലുണ്ട്. ഇന്ത്യന്‍ പുരുഷ ടീമില്‍നിന്ന് 11 പേരെയും വനിതാ ടീമില്‍നിന്ന് മൂന്നു പേരെയുമാണ് ആദ്യ ഘട്ടമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ എന്നിവരാണ് പട്ടികയിലുള്ള മറ്റു പുരുഷ താരങ്ങള്‍. വനിതാ ടീമില്‍നിന്ന് ഷഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിങ് താക്കൂര്‍ എന്നിവരുമുണ്ട്. 'റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി'ന്റെ ഭാഗമായുള്ള താരങ്ങള്‍ അവരുടെ യാത്രകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നാഡയ്ക്ക് കൈമാറണം.
ആദ്യഘട്ടമായി ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കിടെ നാഡയുടെ ഉദ്യോഗസ്ഥര്‍ ഏതാനും ക്രിക്കറ്റ് താരങ്ങളില്‍നിന്ന് മൂത്ര സാംപിളുകള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരയ്ക്കിടെ വിവിധ മത്സര വേദികളില്‍ നാഡ ഉദ്യോഗസ്ഥരെത്തും. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്.
മുന്‍പ് 2019ലും ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി നാഡ 'റജിസ്റ്റേഡ് ടെസ്റ്റിങ് പൂള്‍' തയാറാക്കിയിരുന്നു. ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, സ്മൃതി മന്ഥന, ദീപ്തി ശര്‍മ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, ഇവര്‍ വിവരങ്ങള്‍ യഥാസമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി നാഡ രംഗത്തെത്തിയിരുന്നു. എന്നാല്‍, കോവിഡ് കാലത്തെ നിയന്ത്രണങ്ങളും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഇതിനു കാരണമെന്ന് ബിസിസിഐ വിശദീകരിച്ചിരുന്നു. താമസ സ്ഥലത്തെ വിലാസം, ഇ മെയിന്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങളാണ് പൂളിന്റെ ഭാഗമായവര്‍ നാഡയ്ക്ക് കൈമാറേണ്ടത്. ഇതിനു പുറമേ ട്രെയിനിങ്ങിന്റെയും മത്സരങ്ങളുടെയും സമയക്രമം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കണം.
ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണു കൂടുതല്‍ തവണ ഉത്തേജക പരിശോധനയ്ക്കു വിധേയനായത്. രണ്ടു വര്‍ഷത്തിനിടെ ആറു വട്ടം താരത്തിന് ഉത്തേജക പരിശോധന നടത്തിയിരുന്നു. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, യുഎഇ എന്നിവിടങ്ങളിലാണ് രോഹിത് പരിശോധനയ്ക്കു വിധേയനായത്. ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ചേതേശ്വര്‍ പൂജാര തുടങ്ങി ഏഴു താരങ്ങള്‍ ഒരിക്കല്‍ പരിശോധന നടത്തിയിരുന്നു.
ബിസിസിഐ കരാറുള്ള 25 താരങ്ങളില്‍ 12 പേരില്‍ ഉത്തേജക വിരുദ്ധ ഏജന്‍സി ഒരിക്കല്‍ പോലും പരിശോധന നടത്തിയിട്ടില്ല. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, അര്‍ഷ്ദീപ് സിങ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ശ്രീകര്‍ ഭരത്, വാഷിങ്ടന്‍ സുന്ദര്‍ എന്നീ താരങ്ങളിലാണ് പരിശോധന നടത്താതിരുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങളെയെല്ലാം ഒരിക്കലെങ്കിലും പരിശോധിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)ക്ക് പിഴവുപറ്റിയതായാണു രേഖകകളില്‍നിന്നു വ്യക്തമാകുന്നത്. നിര്‍ദേശങ്ങളും രാജ്യാന്തര മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇന്ത്യയില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പരിശോധന നടത്തുന്നതെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍നിര അത്ലീറ്റുകളെ പരിശോധനയ്ക്കു വിധേയരാക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാഡയ്ക്കു കീഴിലെ ഇന്‍ഡിപെന്‍ഡന്റ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അന്വേഷണം നടത്തിയത്.
ഓഫ് സീസണില്‍ അടക്കം ഉത്തേജക പരിശോധന നടത്തുന്നതിനു കായിക താരങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ദേശീയ ഏജന്‍സികളുടെ കൈവശമുണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ രാജ്യത്തെ 97 കായിക താരങ്ങളുടെ വിവരശേഖരണം നടത്തുന്നതില്‍ നാഡയ്ക്കു വീഴ്ച സംഭവിച്ചു. നാഡയുടെ നിര്‍ബന്ധിത പരിശോധനാ ലിസ്റ്റിലുള്ള രാജ്യത്തെ 131 എലീറ്റ് അത്‌ലീറ്റുകളില്‍ 28 പേരെ 2023ല്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയിട്ടില്ല.