- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റ്: ഹൈദരാബാദിനെ 141 റണ്‍സിന് തകര്‍ത്ത് കേരളം
ഹൈദരാബാദിനെ 141 റണ്‍സിന് തകര്‍ത്ത് കേരളം

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. 141 റണ്‍സിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറില്‍ 148 റണ്‍സിന് പുറത്തായി.
ക്യാപ്റ്റന്‍ ഷാനിയും അക്ഷയയും ചേര്‍ന്ന് നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത ഷാനി റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് ഉറച്ചുനിന്ന അക്ഷയ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ 42-ാം ഓവറിലാണ് പുറത്തായത്. 11 ബൗണ്ടറികളടക്കം 97 റണ്‍സാണ് അക്ഷയ നേടിയത്. തുടര്‍ന്നെത്തിയവരും മികച്ച രീതിയില്‍ ബാറ്റ് വീശി. പ്രണവി ചന്ദ്രന്‍ 26 റണ്‍സെടുത്ത് റണ്ണൗട്ടായി. ദൃശ്യ ഐ വി 26 പന്തുകളില്‍ 37-ഉം സജന സജീവന്‍ 15 പന്തുകളില്‍ 29-ഉം റണ്‍സ് നേടി. ഹൈദരാബാദിന് വേണ്ടി കുഞ്ചല നിതീഷ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. തൃഷയും സന്ധ്യ ഗോറയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തൃഷ 52-ഉം സന്ധ്യ 55-ഉം റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ പരാജയപ്പെട്ടത് ഹൈദരാബാദിന് തിരിച്ചടിയായി. വെറും 50 റണ്‍സെടുക്കുന്നതിനിടെയാണ് അവരുടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായത്. 148 റണ്‍സിന് ഹൈദരാബാദ് ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ഷാനിയും സജന സജീവനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ എസ് ആശ രണ്ട് വിക്കറ്റുകളും നേടി.


