- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരങ്ങൾ പാഴാക്കി ഫീൽഡർമാർ; ചെപ്പോക്കിൽ നിറഞ്ഞാടി മലയാളി താരം; സഞ്ജുവിന്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ; ഡൽഹി ക്യാപിറ്റൽസിന് 212 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങ് വെടിക്കെട്ടുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഓപ്പണർ സഞ്ജു സാംസണിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിൽ ചെന്നൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ഡൽഹി ബൗളർമാരെ നിഷ്പ്രഭരാക്കിയ ബാറ്റിങ് പ്രകടനമാണ് ചെന്നൈ കാഴ്ചവെച്ചത്.
ആദ്യ പന്തുമുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസൺ വെറും 56 പന്തിൽ പുറത്താകാതെ 115 റൺസെടുത്തു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്‌സ്. സഞ്ജുവിന് മികച്ച പിന്തുണ നൽകിയ യുവതാരം ആയുഷ് മാത്രെ 36 പന്തിൽ 59 റൺസെടുത്ത് റിട്ടയർ ഔട്ടായി. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (15), അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ (പുറത്താകാതെ 10 പന്തിൽ 20) എന്നിവരും ചെന്നൈ സ്കോർ ഇരുന്നൂറ് കടത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
സഞ്ജു സാംസണെയും ആയുഷ് മാത്രെയെയും പുറത്താക്കാൻ ലഭിച്ച സുവർണ്ണാവസരങ്ങൾ ഡൽഹി താരങ്ങൾ കൈവിട്ടിരുന്നു. 52 റൺസിൽ നിൽക്കെ സഞ്ജു സാംസൺ നൽകിയ ക്യാച്ച് ഡൽഹി താരങ്ങൾ കൈവിട്ടു. കൂടാതെ ഒരു റണ്ണൗട്ട് അവസരവും പാഴാക്കി. അവസരം മുതലെടുത്ത സഞ്ജു തകർപ്പൻ സെഞ്ചുറിയുമായി ഡൽഹിയെ ശിക്ഷിച്ചു. 54 റൺസിൽ നിൽക്കെ ഔട്ടാകാതെ രക്ഷപ്പെട്ട യുവതാരം ആയുഷ് മാത്രെ സഞ്ജുവിനൊപ്പം ചേന്ന് 113 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. മാത്രെയും അർദ്ധ സെഞ്ചുറി നേടി.
പിന്നീട് മാത്രെ റിട്ടയർ ഔട്ടായപ്പോൾ പകരം വന്ന ശിവം ദുബെ 10 പന്തിൽ 20 റൺസുമായി സ്കോറിംഗിന് വേഗം കൂട്ടി. ഇടയ്ക്ക് ചില ഓവറുകളിൽ റൺറേറ്റ് നിയന്ത്രിക്കാൻ ഡൽഹിക്കായെങ്കിലും, കൃത്യമായ ഇടവേളകളിൽ റൺസ് കണ്ടെത്തി ചെന്നൈ കുതിച്ചു. ഇന്നിംഗ്‌സിലുടനീളം 10-ന് മുകളിൽ റൺറേറ്റ് നിലനിർത്തിയ ചെന്നൈ വളരെ എളുപ്പത്തിൽ 200 റൺസ് കടന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമെന്ന നിലയിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. 2012-ലെ ക്വാളിഫയർ മത്സരത്തിൽ ഇതേ വേദിയിൽ വെച്ച് മുരളി വിജയ് നേടിയ 113 (58) റൺസ് ആയിരുന്നു ഇതിന് മുൻപുള്ള ചരിത്രനേട്ടം. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചെന്നൈ താരം ഡൽഹിക്കെതിരെ ഈ നേട്ടം ആവർത്തിക്കുന്നത്.
സഞ്ജുവിന്റെ ഐപിഎൽ സെഞ്ചുറികൾ:
102 (63) - പൂനെയിൽ ആർ.പി.എസിനെതിരെ (2017)
102 (55)* - ഹൈദരാബാദിൽ എസ്.ആർ.എച്ചിനെതിരെ (2019)
119 (63) - വാങ്കഡെയിൽ പഞ്ചാബ് കിങ്‌സിനെതിരെ (2021)
102 (52)* - ചെന്നൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (2026)


