- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പര്യടനത്തിനായി എത്തുന്ന വിദേശ ടീമുകൾ പ്രമുഖ താരങ്ങളെ ഒഴിവാക്കുന്നു; ഇത് പാക്കിസ്ഥാനെ അപമാനിക്കുന്നതിന് തുല്യം; പിസിബിയിൽ കടുത്ത അമർഷം

കറാച്ചി: വിദേശ ക്രിക്കറ്റ് ടീമുകൾ പാക്കിസ്ഥാൻ പര്യടനത്തിനായി എത്തുമ്പോൾ പ്രമുഖ താരങ്ങളെ ഒഴിവാക്കുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലും മുൻ കളിക്കാർക്കിടയിലും അമർഷം. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന പരമ്പരയ്ക്കായി ഓസ്ട്രേലിയൻ ടീം പ്രധാന താരങ്ങളില്ലാതെ പാക്കിസ്ഥാനിലെത്തിയതാണ് ഏറ്റവും പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇത് പാക്കിസ്ഥാൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്വെൽ, നഥാൻ എല്ലിസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് ഓസ്ട്രേലിയൻ ടീം പാക്കിസ്ഥാനിലെത്തിയത്. പരിക്കിൽ നിന്ന് മുക്തരായി വരുന്ന താരങ്ങൾക്ക് ലോകകപ്പിന് മുന്നോടിയായി വിശ്രമം നൽകാനാണ് ഈ തീരുമാനമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വിശദീകരണം നൽകി. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആദ്യ ടി20 മത്സരത്തിൽ നായകൻ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് തുടങ്ങിയ പരിചയസമ്പന്നരെയും ഓസ്ട്രേലിയ പുറത്തിരുത്തി.
മൂന്ന് അരങ്ങേറ്റക്കാരുമായാണ് ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. ഈ മത്സരത്തിൽ ഓസ്ട്രേലിയ 22 റൺസിന് പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയയുടെ ഈ നടപടിയെ പാകിസ്ഥാനിലെ മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും രൂക്ഷമായി വിമർശിച്ചു. "ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇപ്പോൾ ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ സമീപകാലത്ത് അവരുടെ ദുർബലമായ നിരയെയാണ് പാക്കിസ്ഥാനിലേക്ക് അയക്കുന്നത്. ഇതൊരു കടമ തീർക്കൽ പോലെയാണ് അവർ കാണുന്നത്," മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ മൊയീൻ ഖാൻ വ്യക്തമാക്കി.
"സന്ദർശക ടീമിലെ മികച്ച താരങ്ങളെപ്പോലും ആദ്യ മത്സരത്തിൽ പുറത്തിരുത്തുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണ്," ക്രിക്കറ്റ് നിരീക്ഷകൻ ഒമൈർ അലവി കൂട്ടിച്ചേർത്തു. ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയിൽ പോലും മികച്ച ടീമിനെ ഇറക്കാത്തത് അമ്പരപ്പിച്ചു എന്ന് മുൻ ചീഫ് സെലക്ടർ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.


