- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച ബാറ്റിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി; നാല് വിക്കറ്റിന് വിജയം
സതാംപ്ടണ്‍: ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയുടെ മികവില്‍ ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 259 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടി. ദീപ്തി 64 പന്തില്‍ 62 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ട് ആറ് വിക്കറ്റിനാണ് 258 എടുത്തത്.
വനിതാ ഏകദിനത്തില്‍ മൂന്നുതവണ അഞ്ച് വിക്കറ്റ് നേടിയ ഏക ഇന്ത്യക്കാരിയാണ് ദീപ്തി. എന്നാല്‍, ബാറ്റില്‍ ആ മികവുണ്ടായിരുന്നില്ല. 92 ഇന്നിങ്സുകളില്‍ 67.91 മാത്രമാണ് ബാറ്റിങ് പ്രഹരശേഷി. ഒരുപതിറ്റാണ്ടോളം കളിച്ചിട്ടും വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കായിട്ടില്ല. 2022മുതല്‍ അല്‍പ്പം മെച്ചപ്പെട്ട് 77.74ല്‍ എത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ മറ്റൊരു മുഖമാണ് കണ്ടത്. ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ പലരും നെറ്റിചുളിച്ചു. ക്രീസിലെത്തുമ്പോള്‍ 28 ഓവറില്‍ നാലിന് 124 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. പ്രതിക റാവല്‍ (36), സ്മൃതി മന്ദാന (28), ഹര്‍ലീന്‍ ഡിയോള്‍ (27), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (17) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടം. ആറ് വിക്കറ്റ് ശേഷിക്കെ 135 റണ്‍കൂടി വേണമായിരുന്നു.
ഈ ഘട്ടത്തില്‍ ജമീമ റോഡ്രിഗസുമായി ചേര്‍ന്ന് ദീപ്തി ഇന്ത്യന്‍ ഇന്നിങ്സിന് വേഗം നല്‍കി. 86 പന്തില്‍ 90 റണ്ണാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 49 പന്തില്‍ 47 റണ്‍ ദീപ്തിയുടെ സമ്പാദ്യമായിരുന്നു. 32 പന്തുവരെ രണ്ട് ഫോറുകള്‍ മാത്രമായിരുന്നു ഇന്നിങ്സില്‍. പിന്നാലെ ലൊറെന്‍ ബെല്ലിനെ സിക്സര്‍ പറത്തി. 54 പന്തില്‍ 48 റണ്ണെടുത്ത് ജമീമയും പത്ത് റണ്ണുമായി റിച്ചാ ഘോഷും പുറത്തായപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഒടുവില്‍ അമന്‍ജോത് കൗറുമായി (14 പന്തില്‍ 20) ചേര്‍ന്ന് ജയത്തിലെത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ നാലാം ഏകദിന ജയമാണ് ഇന്ത്യക്ക്. 2022ല്‍ പരമ്പര 3-0ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളി നാളെ നടക്കും. ട്വന്റി20 പരമ്പര 3-2നാണ് ഹര്‍മന്‍പ്രീതും കൂട്ടരും നേടിയത്.
ദീപ്തി ശര്‍മ്മ, ഇംഗ്ലണ്ട്, ഇന്ത്യ