- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2026ലും ധോണി ഐ.പി.എല്ലില്‍ കളിക്കുമോ? ഐപിഎല്ലില്‍ ഏറ്റവും മോശം പ്രകടമായിട്ടും വിരമിക്കാന്‍ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ട്
2026ലും ധോണി ഐ.പി.എല്ലില്‍ കളിക്കുമോ?
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ഇക്കുറി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത്. പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് പുറത്തായതോടെ വെറ്ററന്‍ താരമായ എം.എസ്. ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങുകയാണ് സൂപ്പര്‍ കിങ്‌സ്. പ്ലേഓഫില്‍ എത്താതെ ടീം പുറത്താകുകയും ചെയ്തു. ഈ സീസണോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ 44-ാം വയസ്സിലും ഐ.പി.എല്ലില്‍ സജീവമായി തുടരാന്‍ തന്നെയാണ് ധോണിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ കഴിഞ്ഞാലും ധോണിയെ വിടാന്‍ ഫ്രാഞ്ചൈസി ഒരുക്കമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.പി.എല്ലിലെ ഫേവറിറ്റ് ടീമുകളിലൊന്നായിരുന്ന ചെന്നൈ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സീസണാണ് കടന്നുപോകുന്നത്. പ്രധാന താരങ്ങളില്‍ പലരും പരിക്കേറ്റ് പുറത്താകുകയും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഘട്ടത്തില്‍ യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസി. എന്നാല്‍ ഇതിന് ധോണിയുടെ സാന്നിധ്യം ടീമില്‍ ഉണ്ടായേ പറ്റൂവെന്നാണ് ടീം ഉടമകളുടെ വിലയിരുത്തല്‍. സുരക്ഷിത കരങ്ങളില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ച ശേഷമാകും ധോണി പാഡഴിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ ധോണിയുടെ മറുപടി. ഒരു വര്‍ഷത്തില്‍ ആകെ രണ്ടുമാസം മാത്രമാണ് താന്‍ കളിക്കുന്നതെന്നും എല്ലാം ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് ധോണി വ്യക്തമാക്കിയത്. ''വരുന്ന ജൂലൈയില്‍ 44 വയസാകും. ഒരു സീസണില്‍ കൂടി കളക്കണോ എന്ന് തീരുമാനിക്കാന്‍ പത്ത് മാസം കൂടിയുണ്ട്. തീരുമാനിക്കുന്നത് ഞാനാകില്ല, കളിക്കാന്‍ കഴിമോ ഇല്ലയോ എന്ന് ശരീരം നിങ്ങളോട് പറയും'' -എന്നിങ്ങനെയായിരുന്നു ധോണിയുടെ പ്രതികരണം.
2023ല്‍ ചാമ്പ്യന്മാരായ ചെന്നൈ ടീം രണ്ടു വര്‍ഷത്തിനിപ്പുറം സമ്പൂര്‍ണ പരാജയത്തിന്റെ പടുകുഴിയിലാണ്. ടീമിലെ സീനിയര്‍ താരമായ ധോണി, വിക്കറ്റ് കീപ്പറും മിഡില്‍ ഓഡര്‍ ബാറ്ററും എന്നതിലുപരിയായി ടീമിന്റെ മെന്റര്‍ കൂടിയാണ്. ടീമിന്റെ പ്രതാപകാലത്തേക്ക് തിരികെ എത്തിക്കാനും യുവനിരക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും ഒരു സീസണില്‍ കൂടി ധോണിയുടെ സാന്നിധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മാനേജ്‌മെന്റ് കണക്കാക്കുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് കഴിഞ്ഞ രണ്ട് സീസണുകളില്‍ ധോണിക്ക് വെല്ലുവിളി ഉയര്‍ത്തിയത് ആശങ്കയാകുന്നുണ്ട്.
അതേസമയം പോയിന്റ് ടേബിളില്‍ ഏറ്റവും ഒടുവിലുള്ള സൂപ്പര്‍ കിങ്‌സിന് സീസണില്‍ രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. കളിച്ച 12ല്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. ചൊവ്വാഴ്ച രാജസ്ഥാന്‍ റോയല്‍സും അടുത്ത ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമാണ് അവരുടെ എതിരാളികള്‍. സീസണ്‍ അവസാനിക്കുംമുമ്പ് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം എന്നതിനപ്പുറം ഈ മത്സരങ്ങള്‍ കൊണ്ട് സി.എസ്.കെക്ക് മറ്റു നേട്ടങ്ങളൊന്നുമില്ല.