മുംബൈ: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവുമധികം ആസ്തിയുള്ള രണ്ടു താരങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്കും ഐപിഎല്ലില്‍ നിന്നും കോടികളാണ് ലഭിക്കുന്നത്. കൂടാതെ കരാറുകള്‍, പ്രൊമോഷന്‍ തുടങ്ങിയവയില്‍ നിന്നുമെല്ലാം വലിയ വരുമാനമാണ് രോഹിത്തും കോലിയും വാരിക്കൂട്ടുന്നത്. കരിയറിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇവരുടെയും പ്രകടനത്തിന്റെ കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും താരമൂല്യത്തില്‍ കുറവൊന്നും വന്നിട്ടില്ല.

തന്റെ അപാര്‍ട്ട്മെന്റുകള്‍ വാടകയ്ക്ക് നല്‍കുക വഴിയാണ് രോഹിത് ശര്‍മ്മ നല്ലൊരു തുക വരുമാനം കണ്ടെത്തുന്നത്. 2022 കാലം മുതല്‍ക്ക് തന്നെ രോഹിത് ശര്‍മ്മ റിയര്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകെ 1,047 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ടു അപ്പാര്‍ട്ട്‌മെന്റുകളാണ് പ്രതിമാസം 2.5 ലക്ഷം രൂപയ്ക്കു രോഹിത് പാട്ടത്തിനു നല്‍കിയിരുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്കു കൊടുത്തിരിക്കുന്നത്. വെസ്റ്റ് ബാന്ദ്രയിലെ 14ാം നിലയിലെ 616 സ്‌ക്വയര്‍ ഫീറ്റും 431 സ്‌ക്വയര്‍ ഫീറ്റുമുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകളായിരുന്നു ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നത്. രണ്ട് കാര്‍ പാര്‍ക്കിങ് സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റിനു സെക്യൂരിറ്റി ഡെപ്പോസിറ്റായി വാടകക്കാര്‍ നല്‍കിയത് 10 ലക്ഷം രൂപയാണ്.

സംഭവം ക്ലിക്കായതോടെയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ രോഹിത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്.ഇപ്പോഴിത വാടകയിനത്തില്‍ വരെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.ഇപ്പോഴിതാ മുംബൈയിലെ ലേവര്‍ പരേല്‍ പ്രദേശത്തുള്ള തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് രോഹിത്തും അച്ഛന്‍ ഗുരുനാഥ് ശര്‍മയും. ലോധ ഗ്രൂപ്പിന്റെ ദി പാര്‍ക്ക് പ്രോജക്റ്റിന്റെ ഭാഗമായ ലോധ മാര്‍ക്വിസിന്റെ 45-ാം നിലയിലാണ് അപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്.1,298 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്.




2013 ജൂലായില്‍ 45 കോടി രൂപയ്ക്കാണ് രോഹിത്തും പിതാവും ലോധ ഗ്രൂപ്പില്‍ നിന്ന് ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിച്ചത്. നിലവില്‍ 2.60 ലക്ഷം രൂപയാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ മാസ വാടകയായി ഈടാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപ്പാര്‍ട്ട്‌മെന്റും രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളും വാടകയ്‌ക്കെടുത്തിരിക്കുന്നത് മുരളി കൃഷ്ണന്‍ നായരാണ്. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ മലയാളിയാണ് ഇദ്ദേഹമെന്നും സൂചനകളുണ്ട്. സാപ്കി ഡോട്ട്‌കോമിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാടക്കകാരന്റെ പേര് പുറത്തുവന്നതോടെ മുരളി കൃഷ്ണന്‍ നായര്‍ ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ നിലവില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

സ്വത്ത് വിറ്റ് നേടിയത് 5.25 കോടി

കഴിഞ്ഞ വര്‍ഷം ലൊനാവ്‌ല ഹില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന തന്റെ സ്വത്തുക്കള്‍ 5.25 കോടി രൂപയ്ക്കു രോഹിത് ശര്‍മ വിറ്റിരുന്നു. 6329 സ്‌ക്വയര്‍ ഫീറ്റ് വ്യാപിച്ചുകിടന്ന സ്വത്തുക്കളായിരുന്നു ഇന്ത്യന്‍ നായകന്‍ വിറ്റത്. ഈ വസ്തുവിന്റെ ചതുരശ്ര അടി മൂല്യം ഏകദേശം 8,3000 രൂപയായിരുന്നു. അന്നു 26 ലക്ഷം രൂപയായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം രോഹിത്തിന് അടയ്‌ക്കേണ്ടി വന്നത്.

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച 50 ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നതാണ് രോഹിത് താമസിക്കുന്ന അഹൂജ ടവേഴ്സിലെ കോടികള്‍ വിലമതിക്കുന്ന ഫോര്‍ ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റ്.ബെസ്റ്റ് ഹൈറൈസ് ആര്‍ക്കിടെക്റ്റര്‍ കാറ്റഗറി വിഭാഗത്തില്‍ 2011ല്‍ ഏഷ്യാ പസഫിക് ഫൈവ് സ്റ്റാര്‍ അവാര്‍ഡ് നേടിയതാണ് ഈ അഹൂജ ബില്‍ഡിങ്ങ്.2015ലാണ് രോഹിത് ശര്‍മയും കുടുംബവും ഇവിടേക്ക് താമസം മാറുന്നത്.240 കോടി നെറ്റ് വര്‍ത്തുള്ള രോഹിത്തിന്റെ അപ്പാര്‍ട്ട്മെന്റിന്റെ വില 30 കോടിയായിരുന്നു.





6000 സ്‌ക്വയര്‍ഫീറ്റുള്ള ഈ അപ്പാര്‍ട്ട്മെന്റിലാണ് രോഹിത്തും ഭാര്യ റിതികയും മകള്‍ സമയ്റയും കുഞ്ഞ് അഹാനും താമസിക്കുന്നത്.അറബിക്കടലിലേക്ക് കാഴ്ചയെത്തുന്ന നിലയിലാണ് രോഹിത്തിന്റെ ആഡംബര അപ്പാര്‍ട്ട്മെന്റ്.ഋതികയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് രോഹിത് ഈ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കുന്നത്.

30 കോടി രൂപയ്ക്കാണ് രോഹിത് ഇവിടെ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത് എങ്കിലും ഇന്ന് വര്‍ലിയിലെ ഈ കെട്ടിടത്തിന്റെ മൂല്യം വന്‍തോതില്‍ ഉയര്‍ന്ന് കഴിഞ്ഞു.വര്‍ലിയിലെ അപ്പാര്‍ട്ട്മെന്റിലേക്കെല്ലാം വരുന്നതിന് മുന്‍പ് മുംബൈയിലെ ബോറിവാലിയില്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് രോഹിത് കൂടുതല്‍ സമയവും കഴിഞ്ഞിരുന്നത്.ഡോംബിവിലിയില്‍ ഒറ്റമുറി വീട്ടിലാണ് രോഹിത്തിന്റെ മാതാപിതാക്കള്‍ ആദ്യം കഴിഞ്ഞിരുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ രോഹിത് മാതാപിതാക്കളെ കാണാന്‍ എത്തിയിരുന്നു.