- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തില്‍ എനിക്കറിയില്ല'; തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയുമായി റിയാന്‍ പരാഗ്; വളരെ കുറച്ചു പന്തുകളില്‍ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയതെന്നും രാജസ്ഥാന് ക്യാപ്റ്റന്‍
തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന് റിയാന്‍ പരാഗ്
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റസിനെതിരായ ജയിക്കാവുന്ന മത്സരം രണ്ട് റണ്‍സിന് തോറ്റതിന് പിന്നാലെ തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍, അറിയില്ലെന്ന മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. മത്സരത്തിനു തൊട്ടുപിന്നാലെയാണ് എവിടെയാണു പിഴച്ചതെന്ന് അറിയില്ലെന്ന് പരാഗ് പ്രതികരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറില്‍ രാജസ്ഥാന് മത്സരം കൈവിടുകയായിരുന്നു. രണ്ടു റണ്‍സ് വിജയമാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.
''വികാരങ്ങള്‍ നിയന്ത്രിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തില്‍ എനിക്കറിയില്ല. 18 - 19 ഓവറുകളില്‍ വരെ രാജസ്ഥാന്റെ കയ്യിലായിരുന്നു മത്സരം. 19ാം ഓവറില്‍ കളി ഫിനിഷ് ചെയ്യാനുള്ള അവസരം എനിക്കുണ്ടായിരുന്നു. രാജസ്ഥാന്‍ ബോളിങ്ങിലെ അവസാന ഓവര്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. 165 - 170ല്‍ ഒക്കെ ലക്‌നൗവിനെ ഒതുക്കാമെന്നായിരുന്നു പ്രതീക്ഷ. 20 റണ്‍സ് അധികം കൊടുത്തിട്ടും അതു ചേസ് ചെയ്തു പിടിക്കാന്‍ സാധിക്കുമായിരുന്നു. പിച്ചിനെക്കുറിച്ച് ഒരു പരാതിയും പറയാനില്ല. വളരെ കുറച്ചു പന്തുകളില്‍ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയത്.'' പരാഗ് പ്രതികരിച്ചു.
അവസാന മൂന്നോവറില്‍ 25 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ ലക്‌നൗവിനോട് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരശേഷം പ്രതികരിക്കുമ്പോഴാണ് കളി ഫിനിഷ് ചെയ്യാതിരുന്നത് തന്റെ പിഴവാണെന്ന് റിയാന്‍ പരാഗ് കുറ്റസമ്മതം നടത്തിയത്. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. 18-19വരെ ഞങ്ങള്‍ വിജയത്തിന് അടുത്തായിരുന്നു. പത്തൊമ്പതാം ഓവറില്‍ തന്നെ ഞാന്‍ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന് എന്നെ തന്നെ കുറ്റം പറയാനെ കഴിയു, 40 ഓവറും ഒറ്റക്കെട്ടായി പോരാടിയാലെ മത്സരം ജയിക്കാനാവുവെന്നും പരാഗ് പറഞ്ഞു.
ലക്‌നൗ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ അവസാന ഓവറില്‍ സന്ദീപ് ശര്‍മ നാലു സിക്‌സ് വഴങ്ങിയതിനെക്കുറിച്ചും പരാഗ് പ്രതികരിച്ചു. അവസാന ഓവര്‍ വരെ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ലക്‌നൗവിനെ 165-170ല്‍ പിടിച്ചു കെട്ടാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സന്ദീപ് ശര്‍മ ഞങ്ങളുടെ വിശ്വസ്തനായ ബൗളറാണ്. പക്ഷെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. അബ്ദുള്‍ സമദ് മനോഹരമായി ബാറ്റ് ചെയ്തു. എങ്കിലും ലക്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം ഞങ്ങള്‍ക്ക് അടിച്ചെടുക്കാവുന്നതായിരുന്നു. ഇന്നായിരുന്നു എല്ലാ ഒത്തിണങ്ങിയ ദിവസം. വിജയത്തിന് അടുത്തെത്തെുകയും ചെയ്തു. എന്നാല്‍ ഒന്നോ രണ്ടോ പന്തുകളില്‍ ഞങ്ങള്‍ക്ക് പിഴച്ചു. അത് തോല്‍വിയിലേക്ക് നയിക്കുകയും ചെയ്തു.
ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്തില്‍ ധ്രുവ് ജുറെല്‍ സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ ഹെറ്റ്‌മെയറുടെ ബൗണ്ടറിയുന്നുറച്ച ഷോട്ട് ഷോര്‍ട്ട ഫൈന്‍ ലെഗ്ഗില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ കൈയിലൊതുക്കിയത് രാജസ്ഥാന് തിരിച്ചടിയായി. യോര്‍ക്കറായ നാലാം പന്തില്‍ ശുഭം ദുബെക്ക് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ശുഭം ദുബെ ഉയര്‍ത്തി അടിച്ച പന്തില്‍ ലക്‌നൗ ക്യാച്ച് നഷ്ടമാക്കിയതോടെ ദുബെ രണ്ട് റണ്‍സ് ഓടിയെടുത്തു. അവസാന പന്തില്‍ ശുഭം ദുബെക്ക് ഒരു റണ്‍സ് മാത്രമെ നേടാനായുള്ളു രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങുകയും ചെയ്തു.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളില്‍ ആറും തോറ്റ രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. അതേസമയം പത്തു പോയിന്റുള്ള ലക്‌നൗ നാലാമതുണ്ട്. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്‌സ്വാളാണ് മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 52 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 74 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (26 പന്തില്‍ 39), വൈഭവ് സൂര്യവംശി (20 പന്തില്‍ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റണ്‍വേട്ടക്കാര്‍.
മറുപടി ബാറ്റിങ്ങില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 14 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കിയ രാജസ്ഥാന്‍ തന്ത്രം ക്ലിക്കായി. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സ്. എയ്ഡന്‍ മാര്‍ക്രമിന്റെ ഒന്‍പതാം ഓവറില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് സൂര്യവംശിയെ പുറത്താക്കുന്നത്. 11.1 ഓവറില്‍ റോയല്‍സ് 100 കടന്നു. ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ നിതീഷ് റാണ എട്ടു റണ്‍സ് മാത്രമെടുത്തു പുറത്തായി. സ്‌കോര്‍ 156 ല്‍ നില്‍ക്കെ ജയ്‌സ്വാളിനെ ആവേശ് ഖാന്‍ ബോള്‍ഡാക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ പരാഗ് കൂടി പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. അവസാന രണ്ടോവറുകളില്‍ 20 റണ്‍സാണു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രിന്‍സ് യാദവ് എറിഞ്ഞ 19ാം ഓവറില്‍ ഷിമ്രോണ്‍ ഹെറ്റ്മിയറും ധ്രുവ് ജുറേലും ചേര്‍ന്ന് 11 റണ്‍സ് അടിച്ചു. എന്നാല്‍ ആവേശ് ഖാന്റെ 20ാം ഓവറില്‍ കളി മാറി. ആറു പന്തില്‍ ഒന്‍പത് റണ്‍സ് മാത്രം വിജയത്തിലേക്ക് ആവശ്യമായിരുന്നിട്ടും, രാജസ്ഥാന്റെ ഫിനിഷര്‍മാര്‍ക്കു ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഷിമ്രോണ്‍ ഹെറ്റ്മിയറും ധ്രുവ് ജുറേലും ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതോടെ രാജസ്ഥാന് സീസണിലെ ആറാം തോല്‍വി. ലക്‌നൗവിനായി ആവേശ് ഖാന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.