ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഇംഗ്ലണ്ട് അവസാന പന്തില്‍ അഞ്ച് വിക്കറ്റിന് ലക്ഷ്യം കണ്ടു. മത്സരം തോറ്റെങ്കിലും ഇന്ത്യ പരമ്പര സ്വന്തമാക്കി.

3-2ല്‍ എന്ന നിലയിലാണ് ഇന്ത്യയുടെ പരമ്പര വിജയം. ആദ്യമായാണ് ഇംഗ്ലീഷുകാര്‍ക്കെതിരായ വനിത ട്വന്റി20 പരമ്പര നേട്ടം. 41 പന്തില്‍ 75 റണ്‍സ് നേടിയ ഓപണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.

37 പന്തില്‍ 56 റണ്‍സടിച്ച ഓപണര്‍ ഡാനി വിയാട്ട് ഹോഡ്ജാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റ പരമ്പരയില്‍തന്നെ പത്ത് വിക്കറ്റ് നേടിയ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരണ പ്ലെയര്‍ ഓഫ് ദ സീരീസായി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂലൈ 16, 19, 22 തീയതികളിലാണ് മത്സരങ്ങള്‍.