ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റിംഗ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് ബര്‍മിങ്ഹാം ടെസ്റ്റ് നിര്‍ണായകമാണ്.

പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുന്നതെന്നും ഗില്‍ പറഞ്ഞു. സായ് സുദര്‍ശന്‍ പുറത്തായതോടെ മൂന്നാം നമ്പറില്‍ കരുണ്‍ നായരാവും ഇന്ത്യക്കായി ഇറങ്ങുക. ജസ്പ്രീത് ബുമ്രക്ക് പകരം അര്‍ഷ്ദീപ് സിംഗ് അരങ്ങേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ആകാശ്ദീപിന്റെ പരിചയസമ്പത്തിന് ടീം മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്.

പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസര്‍മാര്‍ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നര്‍മാര്‍ക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം. എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് ആയിട്ടില്ല. ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.

ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യ തോറ്റു. 1986-ല്‍ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയില്‍ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 92 റണ്‍സിനാണ് പുറത്തായത്. 16 ഇന്നിങ്സുകളില്‍ 300-ന് മുകളില്‍ സ്‌കോര്‍ ചെയ്തത് രണ്ടുതവണ മാത്രം. 390 റണ്‍സാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. തിരിച്ചടികള്‍മാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോല്‍വിയുടെ പ്രതിസന്ധിയില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ ടീം - യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), ഋഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇം?ഗ്ലണ്ട് ടീം - ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രോളി, ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രെണ്ടന്‍ കാര്‍സ്, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍.