ന്യൂഡൽഹി: ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതായുള്ള വാർത്തകൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാക്കിസ്ഥാൻ തന്റെ ജന്മഭൂമിയാണെന്നും എന്നാൽ ഇന്ത്യയെ മാതൃഭൂമിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് കനേരിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പാക്കിസ്ഥാൻ ജനങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ കനേരിയ, അവിടെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും ആരോപിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളുടെ സ്നേഹത്തെ മാനിക്കുന്നുണ്ടെങ്കിലും, തന്റെ പൂർവികർ ജീവിച്ച നാട് തനിക്ക് ക്ഷേത്രത്തെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൗരത്വത്തിന് നിലവിൽ അപേക്ഷിക്കാനുള്ള തീരുമാനമില്ലെന്നും, അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പൗരത്വ ഭേദഗതി നിയമം തന്നെപ്പോലുള്ളവർക്ക് സഹായകമാകുമെന്നും കനേരിയ സൂചിപ്പിച്ചു. പാകിസ്ഥാന്റെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമെന്നും, രാജ്യത്തിന്റെ മൂല്യങ്ങളെയും സമൂഹത്തെയും വിഭജിക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ സുരക്ഷിതനാണെന്നും സന്തോഷവാനാണെന്നും ആശങ്ക പ്രകടിപ്പിച്ചവരോട് അദ്ദേഹം പറഞ്ഞു. 2000 മുതൽ 2010 വരെ പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഡാനിഷ് കനേരിയ, ഒത്തുകളി വിവാദത്തെത്തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കപ്പെട്ടത്.