കൊളംബോ: നമീബിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു നൽകിയ വെടിക്കെട്ട് തുടക്കത്തെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ലോകകപ്പിലെ സഞ്ജു സാംസണിന്റെ പ്രകടനം മോശമാണെന്ന് പറയുന്നവർക്ക് ചുട്ട മറുപടി കൂടിയായിരുന്നു ഡ്രസിങ് റൂമിലെ ഗംഭീറിന്റെ വാക്കുകൾ. ടീം ലക്ഷ്യമിട്ട ആക്രമണ ശൈലി തന്നെയാണ് സഞ്ജു പുറത്തെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗംഭീറിന്റെ വാക്കുകൾ:

"ഇഷാൻ, സഞ്ജു... അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട കൃത്യമായ ഉദ്ദേശ്യത്തെ കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു. ആക്രമിച്ച് കളിക്കണമെന്നും ധൈര്യം കാണിക്കണമെന്നും പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും, അത് തന്നെയാണ് ഗ്രൗണ്ടിൽ സംഭവിച്ചതും."

8 പന്തിൽ 22 റൺസ്; സഞ്ജുവിന്റെ 'ഇംപാക്ട്'

ലോകകപ്പ് അരങ്ങേറ്റത്തിൽ വെറും എട്ട് പന്തുകൾ മാത്രമാണ് സഞ്ജു നേരിട്ടതെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു ആ പ്രകടനം. റൂബൻ ട്രംപിൾമാന്റെ പന്തിൽ സിക്സറോടെ തുടങ്ങിയ സഞ്ജു, അടുത്ത ഓവറിൽ ബെൻ ഷികോംഗോയെ തുടർച്ചയായി രണ്ട് സിക്സറിനും ഒരു ഫോറിനും പറത്തി. 275 സ്ട്രൈക്ക് റേറ്റിൽ 22 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് സഞ്ജു പുറത്തായത്. സഞ്ജു കത്തിക്കയറുമ്പോൾ മറുവശത്ത് ഇഷാൻ കിഷൻ വെറും രണ്ട് റൺസിലായിരുന്നു. എന്നാൽ സഞ്ജു നൽകിയ ആ തുടക്കമാണ് പിന്നീട് ഇഷാനെ തകർത്തടിക്കാൻ സഹായിച്ചത്.

പാകിസ്ഥാനെതിരെ സഞ്ജു ഉണ്ടാകുമോ?

അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിലും സഞ്ജുവിന് നറുക്ക് വീഴുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എങ്കിലും, കൊളംബോയിലെ പിച്ചിന്റെ സ്വഭാവവും അഭിഷേക് ശർമ്മയുടെ ഫിറ്റ്‌നസും പരിഗണിച്ചാകും അന്തിമ തീരുമാനം. അതേസമയം, നമീബിയയ്‌ക്കെതിരെ തകർത്താടിയ ഇഷാൻ കിഷൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

ഇന്ത്യ - പാക് പോരാട്ടം ഞായറാഴ്ച

ലോകം കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ മഹാപോരാട്ടം ഞായറാഴ്ച വൈകിട്ട് ഏഴിന് കൊളംബോയിൽ നടക്കും. ഗ്രൂപ്പ് എയിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നിലവിൽ മികച്ച ഫോമിലുള്ള പാകിസ്ഥാനെ വീഴ്ത്തി ഹാട്രിക് ജയം സ്വന്തമാക്കാനാണ് സൂര്യകുമാറും സംഘവും ലക്ഷ്യമിടുന്നത്.