- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുംറയല്ല, വിദേശ പിച്ചുകളിൽ ഏറ്റവും യോജിച്ച ക്യാപ്റ്റൻ കോഹ്ലി തന്നെ; വിരാട് കോഹ്ലിയുടേത് ആക്രമണോത്സുക ക്യാപ്റ്റൻസി; രോഹിത്തിനു പകരക്കാരനായി നായക സ്ഥാനത്തേക്ക് കോഹ്ലിയെ പിന്തുണച്ച് ഗംഭീർ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരാജയമേറ്റു വാങ്ങിയതോടെ വിമർശനത്തിന്റെ മുൾമുനയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം. നിരവധി മുൻ താരങ്ങൾ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും, വിരാട് കൊഹ്‌ലിക്കുമായിരുന്നു കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. മോശം പ്രകടനമായിരുന്നു ഇരുവരും ടൂർണമെന്റിൽ കാഴ്ചവെച്ചത്. ആദ്യമായി രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ചോദ്യം ചെയ്യപ്പെട്ടു. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പൂർണമായി അടിയറവെച്ചതിനു പിന്നാലെയായിരുന്നു കങ്കാരുപ്പടക്കെതിരെയും പരാജയം ഏറ്റുവാങ്ങിയത്. ചരിത്രത്തിൽ ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
രോഹിത് ടെസ്റ്റിൽനിന്ന് വിരമിക്കണമെന്ന ആവശ്യവും ശക്തമായി. വിമർശനം ശക്തമായതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽനിന്ന് താരം സ്വയം മാറിനിന്നിരുന്നു. മുൻ താരങ്ങളടക്കം സീനിയർ താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പിന്നാലെ ഫോം വീണ്ടെടുക്കാനായി രോഹിത് രഞ്ജിയിൽ മുബൈക്കായി കളിക്കാനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. രോഹിതിന് ശേഷം പേസർ ജസ്പ്രീത് ബുംറയുടെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. രോഹിത്തിന്‍റെ അഭാവത്തിൽ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിരുന്നതും ബുംറയായിരുന്നു.
എന്നാൽ, ടീമിന്‍റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് മറ്റൊരു താരത്തെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. രോഹിത്തിനു പകരം വിരാട് കോഹ്ലി ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കട്ടെയെന്ന നിലപാടാണ് ഗംഭീറിനെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കോഹ്ലിക്കു കീഴിൽ വിദേശ ടെസ്റ്റ് പര്യടനങ്ങളിൽ ഇന്ത്യക്ക് മികച്ച പ്രകടന കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗംഭീർ ഇത്തരമൊരു നിലപാട് മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.
‘വിരാട് കോഹ്ലിയുടെ ആക്രമണോത്സുക ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളിൽ. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെ, കോഹ്ലിയെ പോലൊരു ക്യാപ്റ്റനെയാണ് ഇന്ത്യൻ ടീമിന് ആവശ്യം. വിദേശ പിച്ചുകളിൽ ഏറ്റവും യോജിച്ച ക്യാപ്റ്റൻ കോഹ്ലി തന്നെയാണ്’ -ഗംഭീറിനെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
2025 ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയില്ലെങ്കിൽ രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭിപ്രായം. എന്നാൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കണമെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെയും ആവശ്യമെന്നാണ് സൂചന.