മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തിയതിന് പിന്നാലെ ടീം ഇന്ത്യയുടെ ഡ്രസിങ് റൂമിലെ സ്ഥിതിയും കോച്ചെന്ന നിലയിലെ തന്റെ നയങ്ങളും വ്യക്തമാക്കി ഗൗതം ഗംഭീര്‍. ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും താനുമായി സ്വരച്ചേര്‍ച്ചയിലല്ലെങ്കില്‍ അങ്ങനെയുള്ള സ്ഥലത്ത് താന്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും മറിച്ചാണെങ്കില്‍ താന്‍ ശരിയായ വഴിയിലാണെന്നാണ് നിലപാടെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു.

'എന്റെ നയം വ്യക്തമാണ്, ടീമിലുള്ളവരില്‍ ഏറെപ്പേര്‍ക്കും എന്നോട് യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെങ്കില്‍ അവിടെ എനിക്ക് സ്ഥാനമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മറിച്ചാണെങ്കില്‍ ചെയ്തുപോരുന്നത് ശരിയാണെന്നും. നിങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ ടീമിലെ അന്തരീക്ഷം മനസിലാക്കാന്‍ കഴിയും. ആരില്‍ നിന്നും അത് മറച്ച് വയ്ക്കാന്‍ കഴിയില്ല. നിരന്തര സൂക്ഷ്മപരിശോധനയും മാധ്യമശ്രദ്ധയും ഗ്ലാമറുമുള്ള സ്ഥലമാണ് ഇന്ത്യയുടെ ഡ്രസിങ് റൂം. ഡ്രസിങ് റൂമിലെ സ്ഥിതി മോശമാണെന്ന് പുറത്ത് ആളുകള്‍ പറയുന്നത് തീര്‍ത്തും അസംബന്ധമാണ്. ക്യാപ്റ്റനോ പറയുന്നത് കേള്‍ക്കണമെന്നില്ല, പരിശീലനം മുതല്‍ കളിക്കാരുടെ അഭിമുഖം വരെ നിങ്ങള്‍ തന്നെ വിലയിരുത്തൂ.. കൃത്യമായി പിടികിട്ടും'- ഗംഭീര്‍ പറഞ്ഞു.

അതേസമയം, ഏകദിന ലോകകപ്പിനുള്ള അന്തിമ തയാറെടുപ്പുകള്‍ ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നും ഗംഭീര്‍ വ്യക്തമാക്കി. 'ഐപിഎല്‍ സീസണും ലോകകപ്പിനുമിടയില്‍ 25നും 30നും ഇടയില്‍ ഏകദിനങ്ങള്‍ നടക്കും. നേരത്തെ പ്ലാനിങ് ആരംഭിക്കുന്നത് ടീമിന് ഗുണം ചെയ്യും' ഗംഭീര്‍ വിശദീകരിച്ചു.

ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സിംബാബ്‌വെയിലുമായാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുക. പിച്ചുകളുടെ പ്രത്യേകത അനുസരിച്ച് കളിക്കാരെ പ്രത്യേകം തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'ദക്ഷിണാഫ്രിക്കയിലെ മല്‍സരങ്ങള്‍ ഒട്ടും എളുപ്പമാവില്ല. ഏതൊക്കെ കോമ്പിനേഷനുകളാണ് വേണ്ടതെന്നും ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ ഏറ്റവും യോജിക്കുന്ന കളിക്കാര്‍ ആരൊക്കെയാണെന്നും വിലയിരുത്തേണ്ടതുണ്ട്. സിലക്ടര്‍മാരും കോച്ചുമാരും അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ഏകദിന ലോകകപ്പിനുള്ള ബ്ലൂപ്രിന്റ് ഇന്ത്യയ്ക്ക് ലഭിക്കും'- കോച്ച് വിശദീകരിച്ചു.