മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ് ആയ രാജസ്ഥാന്‍ റോയല്‍സ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്‌മെന്റ് തലത്തില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. വന്‍ ഓഫറുകളാണ് രാജസ്ഥാന്‍ റോയല്‍സ് ഗംഭീറിന് മുന്നില്‍ വെച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും പുതിയ ഉടമകള്‍ക്ക് കൈമാറുന്ന ഘട്ടമാണ് ഇപ്പോള്‍. ഇതോടെ ടീം ഐപിഎല്‍ ട്രോഫി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളാണ് നടത്തുന്നത്.

അതിനൊപ്പം ടീമിന്റെ തലപ്പത്തേക്ക് ഗംഭീറിനെ കൊണ്ട് വന്നാല്‍ ക്ലബ്ബിന്റെ മൂല്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാനേജ്‌മെന്റ്. പാര്‍ട്ണര്‍, മെന്റര്‍, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നില്‍ രാജസ്ഥാന്‍ വെച്ചിരിക്കുന്ന ഓഫര്‍. ക്ലബ്ബിന്റെ 2 മുതല്‍ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഒരു മുന്‍ ഇന്ത്യന്‍ താരത്തിന് ഇത്രയും വലിയ ഓഫര്‍ ലഭിക്കുന്നത് അപൂര്‍വമാണ്.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാല്‍ ഈ ഓഫര്‍ ഗംഭീറിന് സ്വീകരിക്കാന്‍ സാധിക്കില്ല. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതി വിധി പ്രകാരം, ഒരാള്‍ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസിയിലും ദേശീയ ടീമിലും ഒരേസമയം ഔദ്യോഗിക പദവി വഹിക്കാന്‍ പാടില്ലെന്നാണ് നിയമം.

രാജസ്ഥാന്റെ ഓഫര്‍ സ്വീകരിച്ചാല്‍ ഗംഭീര്‍ ഇന്ത്യ ഹെഡ് കോച്ച് സ്ഥാനത്തില്‍ നിന്ന് പിന്മാറേണ്ടി വരും. 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായി കരാര്‍ ഉള്ളത്.