ദുബായ്: ഏഷ്യാകപ്പില്‍ മത്സരശേഷം ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഇന്ത്യയുടെ തീരുമാനത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചാണ് പിസിബി രംഗത്തുവന്നത്. ഇതില്‍ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താനും പാക്കിസ്ഥാന്‍ തീരുമാനിച്ചു.

ടോസിനിടെ സൂര്യകുമാറുമായി ഹസ്തദാനം ചെയ്യരുതെന്ന് ക്യാപ്റ്റന്‍ സല്‍മാനോട് മാച്ച് റഫറി ആവശ്യപ്പെട്ടതായും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നു. ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്താന്‍ ടീം മാനേജ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തി. - പ്രസ്താവനയില്‍ പിസിബി അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ നടപടിക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് ക്യാപ്റ്റന്‍ സല്‍മാന്‍ മത്സരശേഷമുള്ള ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും പിസിബി വ്യക്തമാക്കി. ചടങ്ങിന്റെ അവതാരകന്‍ ഇന്ത്യക്കാരനായതിനാലും, ഇന്ത്യന്‍ ടീമിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചുമാണ് സല്‍മാന്‍ അലി അഗ മത്സരശേഷമുള്ള ചടങ്ങ് ബഹിഷ്‌കരിച്ചത്. - പ്രസ്താവനയില്‍ പിസിബി അറിയിച്ചു.

തങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു. തങ്ങള്‍ കളിക്കാന്‍ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നല്‍കിയെന്നുമാണ് സൂര്യകുമാര്‍ നല്‍കിയ വിശദീകരണം. മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.

മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.

അതേസമയം സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ പാക്കിസ്ഥാന്‍ താരങ്ങളും രംഗത്തുവന്നു. ഇത് ഏഷ്യാ കപ്പ് ആണ്. ലോകകപ്പ് പോലെ ഒരു ഐസിസി ടൂര്‍ണമെന്റ് വന്നാലോ. അവിടെ ഹസ്തദാനം ഇല്ലാതെ വരുമ്പോള്‍ ഐസിസി തലവന്‍ എന്ത് ചെയ്യും കാരണം അദ്ദേഹം ഒരു ഇന്ത്യക്കാരനാണ്. ജയ് ഷാ. ഇത് ചിന്തിക്കേണ്ട വിഷയമാണ്. ഹസ്തദാനം ഒഴിവാക്കിയാല്‍ നിങ്ങള്‍ ഹീറോ ആകുമോ ഇല്ല. -പാക് താരം ബാസിത്ത് അലി പ്രതികരിച്ചു.

ക്രിക്കറ്റിനെ അറിയുന്നവരും, അതിനെക്കുറിച്ച് എഴുതുന്നവരും, അത് മനസ്സിലാക്കുന്നവരും അത്തരം കാര്യങ്ങളെ ഒരിക്കലും പുകഴ്ത്തില്ല. ഒരു പാകിസ്താനി മാത്രമല്ല, ഒരു ഓസ്ട്രേലിയക്കാരനോ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരാളോ പോലും അതിനെ അനുകൂലിക്കില്ല. - ബാസിത് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ നടപടിക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് ക്യാപ്റ്റന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും പിസിബി വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഹസ്തദാനത്തിനായി കാത്തുനിന്നെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു. തങ്ങള്‍ കളിക്കാന്‍ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നല്‍കിയെന്നുമാണ് സൂര്യകുമാര്‍ നല്‍കിയ വിശദീകരണം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം ഹസ്തദാനത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്.