- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജയവര്‍ധന പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുംബൈ തോല്‍ക്കുമായിരുന്നു; രോഹിത് ഉണ്ടായിരുന്നതുകൊണ്ട് മുംബൈ രക്ഷപ്പെട്ടു; രോഹിത്താണ് യഥാര്‍ഥ ക്യാപ്റ്റന്‍; ടീമിന്റെ നന്മയ്ക്കായി ഇടയ്ക്ക് 'ഈഗോ' മാറ്റിവയ്ക്കണം'; മുംബൈ പരിശീലകനെ വിമര്‍ശിച്ച് ഹര്‍ഭജന്‍
മുംബൈ പരിശീലകനെ വിമര്‍ശിച്ച് ഹര്‍ഭജന്‍
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക ജയം സമ്മാനിച്ചത് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇടപെടലായിരുന്നു. എന്നാല്‍ മത്സരത്തിനിടെ രോഹിത് മുന്നോട്ടുവച്ച നിര്‍ദേശം ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവര്‍ധന അംഗീകരിക്കാന്‍ ആദ്യം തയാറായില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ചിലപ്പോഴെങ്കിലും പരിശീലകര്‍ 'ഈഗോ' മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഡല്‍ഹി ബാറ്റു ചെയ്യുമ്പോള്‍ പതിമൂന്നാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നര്‍മാരെക്കൊണ്ട് ബോള്‍ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിര്‍ദ്ദേശിച്ചെങ്കിലും, അതു കേള്‍ക്കാന്‍ പോലും ജയവര്‍ധന തയാറായില്ലെന്നാണ് ഹര്‍ഭജന്റെ ആരോപണം. തുടര്‍ന്ന് രോഹിത് നേരിട്ട് ഹാര്‍ദിക് പാണ്ഡ്യയ്ക്കും കരണ്‍ ശര്‍മയ്ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും ഹര്‍ഭജന്‍ പറയുന്നു.
''ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രോഹിത് ശര്‍മയുടെ ഇടപെടലാണ് നിര്‍ണായകമായത്. സ്പിന്നര്‍മാരെ ഇറക്കാനും കരണ്‍ ശര്‍മയെക്കൊണ്ട് ബോള്‍ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവര്‍ധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാല്‍ അതു കേള്‍ക്കാന്‍ പോലും ജയവര്‍ധന കൂട്ടാക്കിയില്ല. ആ മത്സരത്തില്‍ ജയവര്‍ധന പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുംബൈ തോല്‍ക്കുമായിരുന്നുവെന്ന് തീര്‍ച്ചയാണ്. രോഹിത് ഉണ്ടായിരുന്നതുകൊണ്ട് അന്ന് മുംബൈ രക്ഷപ്പെട്ടു. രോഹിത്താണ് യഥാര്‍ഥ ക്യാപ്റ്റന്‍. എപ്പോഴും ക്യാപ്റ്റനേപ്പോലെ ചിന്തിക്കുന്നയാള്‍. ക്യാപ്റ്റന്‍ എക്കാലവും ക്യാപ്റ്റന്‍ തന്നെയായിരിക്കുമെന്ന് പറയുന്നത് ഇതാണ്. രോഹിത്തിന്റെ ഒറ്റ ഇടപെടലാണ് അന്ന് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്' ഹര്‍ഭജന്‍ പറഞ്ഞു.
''രോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോളിങ്ങിന് നിയോഗിക്കപ്പെട്ട കാണ്‍ ശര്‍മ മൂന്നു വിക്കറ്റാണ് പിഴുതത്. മത്സരം മാറ്റിമറിച്ചതും അദ്ദേഹത്തിന്റെ സ്‌പെല്‍ തന്നെ. അതൊരു സുവര്‍ണ നീക്കമായിരുന്നു. ലക്‌നൗവിനെതിരായ മത്സരത്തില്‍ രോഹിത് ഡഗ്ഔട്ടിലുണ്ടായിരുന്നെങ്കില്‍ തിലക് വര്‍മയെ റിട്ടയേഡ് ഔട്ടാക്കി പകരം മിച്ചല്‍ സാന്റ്‌നറിനെ ഇറക്കാന്‍ സമ്മതിക്കുമായിരുന്നില്ല. അത് മഹേള ജയവര്‍ധന കൈക്കൊണ്ട മോശം തീരുമാനമായിരുന്നു. ചിലപ്പോഴെങ്കിലും പരിശീലകര്‍ അവരുടെ ഈഗോ മാറ്റിവച്ച് എന്താണ് ടീമിന് ഗുണകരം എന്നുകൂടി ചിന്തിക്കണം. രോഹിത് ശര്‍മ തുടര്‍ന്നും ഡഗ്ഔട്ടില്‍നിന്ന് ഇത്തരം വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത് തുടരുമെന്നാണ് ഞാന്‍ കരുതുന്നത്' ഹര്‍ഭജന്‍ പറഞ്ഞു.
''മുംബൈയും ഡല്‍ഹിയും തമ്മിലുള്ള മത്സരം ഉജ്വലമായിരുന്നു. കാണികള്‍ക്ക് തീര്‍ച്ചയായും അവര്‍ മുടക്കിയ പണം മുതലായ മത്സരമായിരുന്നു അത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്താണ് മുംബൈ 205 റണ്‍സ് വിജയകരമായി പ്രതിരോധിച്ചത്. ഈ വിജയം മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് തീര്‍ച്ച. വലിയൊരു വിജയമാണിത്. കരുണ്‍ നായര്‍ ബോളര്‍മാരെ കടന്നാക്രമിച്ചതോടെ മുംബൈയ്ക്ക് നില തെറ്റിയതാണ്. ആര്‍ക്കും തടയാനാകാതത് കാട്ടുതീ പോലെയായിരുന്നു കരുണിന്റെ ഇന്നിങ്‌സ്.' ഹര്‍ഭജന്‍ പറഞ്ഞു.
നേരത്തെ, ജയസാധ്യതകള്‍ മാറിമറിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ് ജയിച്ചുകയറിയതിനു പിന്നാലെ മുംബൈ വിജയത്തില്‍ രോഹിത് ശര്‍മയുടെ ഇടപെടല്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കിലും, ഡഗ്ഔട്ടിലിരുന്ന് രോഹിത് നല്‍കിയ നിര്‍ണായക നിര്‍ദ്ദേശം ടീമിന്റെ വിജയത്തിലേക്ക് വഴിതുറന്നത് സമൂഹമാധ്യമങ്ങളിലും പ്രധാന ചര്‍ച്ചയായിരുന്നു.
മത്സരത്തില്‍ ഡല്‍ഹി ബാറ്റു ചെയ്യുമ്പോള്‍ ഇംപാക്ട് പ്ലെയറായ കരണ്‍ ശര്‍മയ്ക്കായി വഴിമാറി ഡഗ്ഔട്ടിലായിരുന്നു രോഹിത്. 13ാം ഓവറില്‍ പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ, സ്പിന്നര്‍മാരെ ബോളിങ്ങിന് നിയോഗിക്കാന്‍ രോഹിത് ഡഗ്ഔട്ടിലിരുന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെയാണ്, രോഹിത്തിന്റെ ഈ ആശയം പരിശീലകനായ മഹേള ജയവര്‍ധന ആദ്യം ചെവിക്കൊണ്ടിരുന്നില്ലെന്ന ഹര്‍ഭജന്റെ വിമര്‍ശനം.
മുംബൈയെ ഭാഗ്യവും തുണച്ച മത്സരത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഇംപാക്ട് പ്ലയറായി എത്തിയ മൂന്ന് വിക്കറ്റുമായി കരണ്‍ ശര്‍മ നടത്തിയ പ്രകടനം മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി. ഒരുവശത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചു. 40 പന്തില്‍ 89 റണ്‍സെടുത്ത കരുണിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നത്.
രോഹിതിന്റെ പദ്ധതി നടപ്പാക്കി ഹാര്‍ദിക്
ഇംപാക്ട് പ്ലയറാക്കി കരണിനെ ഇറക്കണം ഇംപാക്ട് പ്ലയറാക്കി കരണ്‍ ശര്‍മയെ കൊണ്ടുവന്നതിന് പിന്നില്‍ രോഹിത് ശര്‍മയുടെ നിര്‍ദേശമായിരുന്നു. ആറാം ഓവറിന് ശേഷം രോഹിത് ശര്‍മയെ മാറ്റി കരണ്‍ ശര്‍മയെ മുംബൈ ഇംപാക്ട് പ്ലയറാക്കി ഇറക്കി. കരണിനെ കൊണ്ടുവന്നതീരുമാനം വളരെ നിര്‍ണ്ണായകമായി മാറി. പിച്ചില്‍ ഭേദപ്പെട്ട ടേണുണ്ടായിരുന്നു. കുല്‍ദീപ് യാദവ് മികവ് കാട്ടിയ പിച്ചില്‍ യുവ സ്പിന്നറെ കൊണ്ടുവന്നിട്ട് കാര്യമില്ലെന്ന രോഹിത്തിന്റെ വിലയിരുത്തല്‍ ശരിയായി. മൂന്ന് വിക്കറ്റുകളോടെയാണ് കരണ്‍ ശര്‍മ മിന്നിച്ചതും മാച്ച് വിന്നറായി മാറിയതും. കരണിന്റെ ബൗളിങ് ശൈലി പിച്ചില്‍ നന്നായി ഗുണം ചെയ്തിരുന്നു. ഇരുവശത്തേക്കും പന്ത് ടേണ്‍ ചെയ്യാന്‍ കരണിന് കഴിവുണ്ട്. ഡല്‍ഹിയുടെ മധ്യനിരയെ തകര്‍ത്തത് കരണിന്റെ ബൗളിങ് പ്രകടനമാണ്. ട്രിസ്റ്റന്‍ സ്റ്റബ്സ്, കെ എല്‍ രാഹുല്‍ എന്നിവരെ പുറത്താക്കി മത്സരം മുംബൈക്ക് അനുകൂലമാക്കിയതിന് പിന്നില്‍ കരണ്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പറയാം. ഇംപാക്ട് പ്ലയറായി കരണിനെ കൊണ്ടുവരാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ഫലം കണ്ടതെന്ന് നിസംശയം പറയാം.
പവര്‍പ്ലേയിലെ ബാറ്റിങ്ങിന് ട്രോള്‍ രാഹുലിനെ പൂട്ടിയതും രോഹിത്തിന്റെ പ്ലാന്‍ ഡല്‍ഹിയുടെ ടോപ് ഓഡര്‍ തിളങ്ങിയതിനാല്‍ ജയിക്കാവുന്ന സാഹചര്യത്തിലായിരുന്നു ടീമുണ്ടായിരുന്നത്. കെ എല്‍ രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരെല്ലാം ഇത്തരത്തില്‍ മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. സ്റ്റബ്സിനെ കരണ്‍ ശര്‍മ പുറത്താക്കിയതിന് ശേഷം കെ എല്‍ രാഹുലാണ് മുംബൈക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നത്. ഈ സമയത്ത് രാഹുലിനെതിരേ സ്പിന്നറെ ഉപയോഗിക്കാന്‍ ഡഗൗട്ടിലിരുന്ന് രോഹിത് ശര്‍മ നിര്‍ദേശിച്ചു. പേസറെക്കൊണ്ട് രാഹുലിനെ നേരിടാനായിരുന്നു ഹാര്‍ദിക്കിന്റെ പ്ലാന്‍. രാഹുല്‍ സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ പേസറെയാണ് ഹാര്‍ദിക് പരിഗണിച്ചത്. എന്നാല്‍ സ്പിന്നര്‍മതിയെന്ന രോഹിത്തിന്റെ നിര്‍ദേശം ഹാര്‍ദിക് നടപ്പിലാക്കി. കരണ്‍ ശര്‍മക്ക് വീണ്ടും പന്ത് നല്‍കിയപ്പോള്‍ രോഹിത്തിന്റെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. രാഹുലിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കരണ്‍ ശര്‍മ പുറത്താക്കിയത്. ഈ വിക്കറ്റ് മുംബൈയുടെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.