ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് അപൂർവ നേട്ടം. ടി20 മത്സരങ്ങളിൽ ഇന്നിംഗ്സിലെ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡാണ് ഹാർദിക് സ്വന്തം പേരിൽ കുറിച്ചത്. ആദ്യ പന്തിൽ പാക് ഓപ്പണറായ സയീം അയൂബിനെ സ്റ്റാർ ഓൾറൗണ്ടർ പവലിയനിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ടാണ് ഹാർദിക് തുടക്കം കുറിച്ചത്. എന്നാല്‍ ഇന്ത്യക്കെതിരെ തന്‍റെ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായതോടെ ഈ മത്സരം അയൂബ് ഓർക്കുമെന്നും ആരാധകർ വിലയിരുത്തുന്നു. വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ തനിക്കത് ഓർമ്മയില്ലന്നായിരുന്നു അയൂബിന്റെ മറുപടി.

കഴിഞ്ഞ ടി20 ലോകകപ്പിൽ അമേരിക്കക്കെതിരെയാണ് അർഷ്ദീപ് സിംഗ് ടി20 ക്രിക്കറ്റിൽ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടം കൈവരിച്ചത്. അമേരിക്കയുടെ ഷയാൻ ജഹാംഗീറിനെ പുറത്താക്കിയായിരുന്നു അർഷ്ദീപിന്റെ നേട്ടം. ദുബായിൽ സയീം അയൂബിനെ വീഴ്ത്തി ഹാർദിക് ഈ നേട്ടം ആവർത്തിക്കുകയായിരുന്നു.