മുംബൈ: റോഹിത് ശര്‍മ അപ്രതീക്ഷിതമായ വിരമിച്ചതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകന്‍ ആരാകും എന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. പലവിധത്തിലുള്ള ചര്‍ച്ചകല്‍ നടക്കുന്നത് ജസ്പ്രീത് ബുംറയെ നായകനാക്കണം എന്ന അഭിപ്രായം ഉള്ളവുണ്ട്.

ഇംഗ്ലണ്ടിനെതിരെ ജൂണില്‍ ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ നായകനെ ഉടന്‍ കണ്ടെത്തണം. 2025-2027 ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരമ്പരക്കുള്ള ടീമിനെയും പുതിയ നായകനെയും ഒരുമിച്ചായിരിക്കും പ്രഖ്യാപിക്കുക. യുവതാരം ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരിലൊരാള്‍ രോഹിത്തിന്റെ പിന്‍ഗാമിയാകുമെന്നാണ് സൂചന. ഇതിനിടെയാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ കുറിച്ചുള്ള കാഴ്ചപ്പാട് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി പങ്കുവെച്ചത്. രോഹിത്തിനു പിന്‍ഗാമിയായി വരുന്നയാള്‍ അനുഭവപരിചയത്തിലുപരി യുവതാരമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ബുംറയെ നായക പദവിയിലേക്ക് പരിഗണിക്കരുതെന്നും ഗില്ലിനോ, ഋഷഭ് പന്തിനോ നായക സ്ഥാനം നല്‍കണമെന്നും ശാസ്ത്രി വാദിക്കുന്നു. രോഹിത് ശര്‍മക്കു കീഴിലുള്ള ടീമില്‍ ഉപനായകനായിരുന്നു ബുംറ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ ഉള്‍പ്പെടെ രണ്ടു ടെസ്റ്റുകളില്‍ ടീമിനെ നയിച്ചതും ബുംറയായിരുന്നു. 'നോക്കൂ, ഓസ്‌ട്രേലിയന്‍ പരമ്പരക്കുശേഷം ബുംറയായിരുന്നു ഏറ്റവും നല്ല ഓപ്ഷന്‍. പക്ഷേ താരത്തെ ക്യാപ്റ്റനാക്കരുത്, ഒരു ബൗളറെ നമുക്ക് നഷ്ടമാകും' -ശാസ്ത്ര അഭിമുഖത്തില്‍ പറഞ്ഞു. താരത്തിന്റെ പുറംവേദന ചൂണ്ടിക്കാട്ടിയായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം.

സിഡ്‌നി ടെസ്റ്റിനു പിന്നാലെ പുറംവേദനയെ തുടര്‍ന്ന് മൂന്നുമാസം ബുംറക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. 31കാരനായ ഇന്ത്യയുടെ പേസ് കുന്തമുന ബുംറക്ക് നായകന്റെ സമ്മര്‍ദം ഏല്‍പ്പിക്കരുതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഗില്‍, പന്ത് എന്നിവരെ പോലുള്ള യുവതാരങ്ങളെയാണ് ടെസ്റ്റ് നായക പദവയിലേക്ക് പരിഗണിക്കേണ്ടത്. ഐ.പി.എല്ലില്‍ ഇരുവരും അതത് ടീമിന്റെ നായകരാണ്. അതുകൊണ്ടു തന്നെ ടീമിനെ നയിച്ച അനുഭവപരിചയവും ടെസ്റ്റില്‍ ഇനിയും ഏറെക്കാലം കരിയര്‍ ബാക്കിയുള്ളതും അനുകൂല ഘടകങ്ങളാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മേയ് 30നും ജൂണ്‍ ആറിനും തുടങ്ങുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ടീം കളിക്കുക. അഭിമന്യു ഈശ്വരനാണ് നായകന്‍. രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ ക്യാപ്റ്റനാവുമെന്ന് കരുതുന്ന ശുഭ്മന്‍ ഗില്ലും സായി സുദര്‍ശനും രണ്ടാം മത്സരത്തില്‍ ഇറങ്ങും. ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് തുടങ്ങുക.