ദുബായ്: ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. ഐസിസി വിജയികള്‍ക്കുള്ള തുക പ്രഖ്യാപിച്ചു. മൊത്തം 6.9 കോടി യുഎസ് ഡോളര്‍ (59 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തുകയാണ് വിവിധ വിഭാഗങ്ങളിലായി ഐസിസി നല്‍കുന്നത്. 2017ല്‍ ടീമുകള്‍ക്കു ലഭിച്ചതിനേക്കാള്‍ 53 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ പ്രഖ്യാപിച്ച സമ്മാനത്തുകയിലുള്ളത്.

കിരീടം നേടുന്ന ടീമിന് 2.24 കോടി യുഎസ് ഡോളര്‍ (ഏതാണ്ട് 20 കോടി ഇന്ത്യന്‍ രൂപ) ലഭിക്കും. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 1.12 കോടി യുഎസ് ഡോളറാണ് (9.72 കോടി ഇന്ത്യന്‍ രൂപ) ലഭിക്കുക. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 560,000 യുഎസ് ഡോളര്‍ (4.86 കോടി ഇന്ത്യന്‍ രൂപ) വീതം ലഭിക്കും. പങ്കെടുക്കുന്ന എട്ട് ടീമുകള്‍ക്കും 1,25,000 യുഎസ് ഡോളര്‍ ഉറപ്പായും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമുകള്‍ക്കും 34,000 യുഎസ് ഡോളര്‍ വീതമാണ് സമ്മാനത്തുക.

അഞ്ച്, ആറ് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് 3,50,000 യുഎസ് ഡോളറായിരിക്കും സമ്മാനം. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് 1,40,000 യുഎസ് ഡോളറും ലഭിക്കും. ഈ മാസം 19 മുതലാണ് പോരാട്ടം ആരംഭിക്കുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പോരാട്ടം പുനരാരംഭിക്കുന്നത്. പാകിസ്ഥാനാണ് വേദി. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം യുഎഇയിലാണ് അരങ്ങേറുന്നത്. ഫൈനല്‍ പോരാട്ടം മാര്‍ച്ച് ഒന്‍പതിനാണ് അരങ്ങേറുന്നത്.