ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) ശിക്ഷിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) അധികാരമില്ലെന്ന് മുൻ ഐസിസി ചെയർമാൻ ഇഹ്സാൻ മാനി. സർക്കാർ നിർദ്ദേശപ്രകാരമാണ് പിസിബി ഈ തീരുമാനമെടുത്തതെന്നും അതിനാൽ ഐസിസിയുടെ അച്ചടക്ക നിയമങ്ങൾ ഇതിൽ ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌പോർട്‌സ്‌റ്റാറിന് നൽകിയ അഭിമുഖത്തിലാണ് മാനി തന്റെ നിലപാട് വ്യക്തമാക്കിയത്. 2025-ലെ ചാമ്പ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചത് സ്വന്തം സർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യക്കെതിരെ നടപടിയെടുക്കാത്ത ഐസിസിക്ക് ഇപ്പോൾ പാക്കിസ്ഥാനെതിരെയും നടപടിയെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ലെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ഐസിസി വെറുമൊരു കാഴ്ചക്കാരനായി നിൽക്കുകയാണെന്നും മാനി കുറ്റപ്പെടുത്തി. ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് ഐസിസി തന്നെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ കളിക്കുകയും ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ആഗോള കായിക മാമാങ്കത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനം പാക്കിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആരാധകർക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കും ഗുണകരമല്ലെന്നും, പാക്കിസ്ഥാൻ ക്രിക്കറ്റിന് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ 15-നാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത്. ഒരു ടീമിന് 'വാക്കോവർ' ലഭിക്കണമെങ്കിൽ എതിർ ടീം മൈതാനത്ത് ഹാജരാകണം. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടോസിനായി മൈതാനത്ത് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, പാക് നായകൻ സൽമാൻ അലി അഗ എത്തിയില്ലെങ്കിൽ മാച്ച് റഫറി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ സുപ്രധാനമായ രണ്ട് പോയിന്റുകൾ ലഭിക്കും. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്.