അഹമ്മദാബാദ്: പോരാട്ടം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്തിയ ബൗളിങ്ങ് നിര തന്നെയാണ് രാജസ്ഥാന് ജയമൊരുക്കിയത്.211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.41 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്‍ സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഗുജറാത്തിന് കടിഞ്ഞാണിട്ടത്.44 പന്തില്‍ 73 റണ്‍സെടുത്ത ഓപ്പണര്‍ സായ് സുദര്‍ശന്റെ പോരാട്ടം പാഴായി.

മറുപടി ബാറ്റിങ്ങില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഗുജറാത്ത് ബാറ്റിങ് നിരയ്ക്കു സാധിക്കാത്തതാണ് തോല്‍വിയിലേക്ക് നയിച്ചത്.വാലറ്റത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാനും (16 പന്തില്‍ 24), കഗിസോ റബാദ (16 പന്തില്‍ 23) പൊരുതിനോക്കിയെങ്കിലും ഗുജറാത്തിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.ഓപ്പണിങ് വിക്കറ്റില്‍ 78 റണ്‍സാണ്, സായ് സുദര്‍ശനും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരുവരും പുറത്തായതിനു പിന്നാലെ ഗുജറാത്ത് മധ്യനിര തകര്‍ന്നടിയുകയായിരുന്നു.14 പന്തുകള്‍ നേരിട്ട കുശാഗ്ര 18 റണ്‍സെടുത്താണു മടങ്ങിയത്. സ്‌കോര്‍ 100 പിന്നിട്ടതിനു പിന്നാലെ രവി ബിഷ്ണോയിയുടെ പന്തില്‍ സായ് സുദര്‍ശനും മടങ്ങി.

ജോസ് ബട്ലര്‍ 26 റണ്‍സ് നേടിയതൊഴിച്ചാല്‍ ഗുജറാത്തിന്റെ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.രണ്ടിന് 107 എന്ന നിലയില്‍നിന്ന് 161 ലേക്ക് എത്തുമ്പോള്‍ ഗുജറാത്തിന്റെ ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സ്പിന്നര്‍ രവി ബിഷ്ണോയുടെ പന്തുകളാണ് ടൈറ്റന്‍സിന്റെ നടുവൊടിച്ചത്. ഗ്ലെന്‍ ഫിലിപ്സ് (മൂന്ന്), വാഷിങ്ടന്‍ സുന്ദര്‍ (നാല്), രാഹുല്‍ തെവാത്തിയ (12), ഷാറുഖ് ഖാന്‍ (11) എന്നിവര്‍ അതിവേഗം മടങ്ങി. എന്നാല്‍ വാലറ്റത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാനും കഗിസോ റബാദയും നടന്ന ചെറുത്തുനില്‍പാണ് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്.

അവസാന 12 പന്തില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചര്‍ 19ാം ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങിയതു നിര്‍ണായകമായി. ഇതോടെ ആറു പന്തില്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ 20ാം ഓവറില്‍ സിക്സിനു ശ്രമിച്ച റാഷിദ് ഖാനെ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ചെടുത്തു പുറത്താക്കിയതോടെയാണ് ഗുജറാത്ത് കളി കൈവിട്ടത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ ധ്രുവ് ജുറേലും യശസ്വി ജയ്സ്വാളും അര്‍ധ സെഞ്ചറികള്‍ നേടി പുറത്തായി. 42 പന്തുകള്‍ നേരിട്ട ധ്രുവ് ജുറേല്‍ അഞ്ച് വീതം സിക്സുകളും ഫോറുകളും അടിച്ച് 75 റണ്‍സ് നേടി. യശസ്വി ജയ്സ്വാള്‍ 36 പന്തില്‍ 55 റണ്‍സുമായി തിളങ്ങി.ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. 18 പന്തുകള്‍ നേരിട്ട വൈഭവ് 31 റണ്‍സ് അടിച്ചുകൂട്ടി. ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ധ്രുവ് ജുറേലും തകര്‍ത്തടിച്ചതോടെ 10.1 ഓവറിലാണ് രാജസ്ഥാന്‍ 100 കടന്നത്. സ്‌കോര്‍ 126 ല്‍ നില്‍ക്കെ കഗിസോ റബാദയുടെ പന്തില്‍ ജയ്സ്വാള്‍ ബോള്‍ഡായി.

ക്യാപ്റ്റന്‍ റിയാന്‍ പരാഗിനും (എട്ട്), ഡോനോവന്‍ ഫെറേരയ്ക്കും (ഒന്ന്) വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. രാജസ്ഥാന്‍ സ്‌കോര്‍ 200 പിന്നിട്ടതിനു പിന്നാലെയാണ് ധ്രുവ് ജുറേലിന്റെ മടക്കം. മുഹമ്മദ് സിറാജിന്റെ പന്തില്‍ ജോസ് ബട്ലര്‍ ക്യാച്ചെടുത്താണ് ജുറേല്‍ പുറത്തായത്. എട്ടു പന്തുകള്‍ നേരിട്ട ഷിമ്രോണ്‍ ഹെറ്റ്മിയര്‍ 18 റണ്‍സടിച്ചു മടങ്ങി. ഗുജറാത്തിനായി കഗിസോ റബാദ രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.