- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 റൺസിനിടെ വീണത് 6 വിക്കറ്റുകൾ; കയ്യിലിരുന്ന മത്സരം കളഞ്ഞു കുളിച്ച് പാക്കിസ്ഥാൻ; ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം; ജയം 58 റൺസിന്; അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ബുലവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ. ബുലവായോയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചപ്പോൾ, പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്ത്യയ്ക്കായി ആയുഷ് മാത്രെ 21 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഖിലന്‍ പട്ടേല്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനോട് ഏറ്റ തോൽവിക്ക് ഇന്ത്യക്ക് ഇത് മധുരപ്രതികാരമായി. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൗമാരപ്പടയുടെ ഈ ഉജ്ജ്വല പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ഇന്ത്യയും ഇനി സെമിഫൈനലിൽ മാറ്റുരയ്ക്കും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് സെമിയിലെത്തണമെങ്കിൽ 33.3 ഓവറിൽ 253 റൺസ് മറികടക്കേണ്ടിയിരുന്നു, എന്നാൽ അവർക്ക് അത് സാധ്യമായില്ല. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ സമീർ മിൻഹാസിനെ (9) തുടക്കത്തിൽ തന്നെ ഹെനിൽ പട്ടേൽ പുറത്താക്കിയത് ഇന്ത്യക്ക് നിർണായക മുൻതൂക്കം നൽകി.
പിന്നീട് ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന് 17 ഓവറിൽ 88 റൺസെടുത്ത് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ഇന്ത്യൻ ബൗളർമാർ ശക്തമായ സമ്മർദ്ദം ചെലുത്തി. 49 പന്തിൽ 42 റൺസെടുത്ത ഹംസ സഹൂറിനെ കനിഷ്ക് ചൗഹാൻ പുറത്താക്കിയത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. അർധസെഞ്ചുറി നേടിയ ഉസ്മാൻ ഖാനും ക്യാപ്റ്റൻ ബർഹാൻ യൂസഫും (39 പന്തിൽ 38) ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും, അംബ്രീഷിന്റെ പന്തിൽ ബർഹാൻ പുറത്തായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായി. 168 റൺസിന് നാല് വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് 26 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പാക്കിസ്ഥാന്റെ അവസാന ആറ് വിക്കറ്റുകളും നഷ്ടമായത് തോൽവിയിലേക്ക് നയിച്ചു.


