ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന്റെ നിർണ്ണായക ലീഡ് നേടി. വിജയലക്ഷ്യമായ 118 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ഓപ്പണർ അഭിഷേക് ശർമ്മയുടെ (18 പന്തിൽ 35) തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്. വെറും 18 പന്തിൽ നിന്ന് 6 ബൗണ്ടറികളും ഒരു സിക്സുമടക്കം 35 റൺസ് നേടിയ അഭിഷേക് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അഭിഷേക് ശര്‍മ (18 പന്തില്‍ 35), ശുഭ്മാന്‍ ഗില്‍ (28 പന്തില്‍ 28), സൂര്യകുമാര്‍ യാദവ് (11 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തിലക് വര്‍മ (25), ശിവം ദുെബ (10) എന്നിവര്‍ പുറത്താവാതെ നിന്നു.

ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര തകർന്നു. സ്കോർബോർഡിൽ 7 റൺസ് മാത്രമുള്ളപ്പോൾ 3 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ റീസ ഹെൻഡ്രിക്സിനെയും ക്വിന്റൺ ഡി കോക്കിനെയും ഹർഷിത് റാണയും അർഷ്ദീപ് സിംഗും ചേർന്ന് വേഗത്തിൽ മടക്കി.എന്നാൽ, ഒരുവശത്ത് നങ്കൂരമിട്ട ക്യാപ്റ്റൻ എയ്ഡൻ മാർക്രം (61) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്.

54 പന്തിൽ 61 റൺസ് നേടിയ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. 20 ഓവറിൽ 117 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗിനെയാണ്. പരമ്പരയിലെ നാലാം മത്സരം ചൊവ്വാഴ്ച നടക്കും.