- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചുകൂട്ടിയത് 14 സിക്സറുകൾ, 95 പന്തിൽ നേടിയത് 171 റൺസ്; വൈഭവ് സൂര്യവംശിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് യുഎഇ; അണ്ടർ 19 ഏഷ്യാ കപ്പിൽ 234 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് 2025-ലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യുഎഇയെ 234 റൺസിന് തകർത്ത് ഇന്ത്യക്ക് കൂറ്റൻ ജയം. വെള്ളിയാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ 95 പന്തിൽ നിന്ന് 171 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 433 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
14 സിക്സറുകളാണ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടിത്. ഇത് അണ്ടർ 19ൽ ഒരു ഇന്നിംഗ്സിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡാണ്. ഒൻപത് ബൗണ്ടറികളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. വെറും 30 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സൂര്യവംശിക്ക്, സെഞ്ച്വറിയിലെത്താൻ 56 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. യുവ ഏകദിനങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത്. 2002-ൽ ഇംഗ്ലണ്ടിനെതിരെ അമ്പാട്ടി റായിഡു നേടിയ 177 റൺസാണ് ഒന്നാം സ്ഥാനത്ത്. പുരുഷ അണ്ടർ 19 ഏകദിനങ്ങളിൽ ഒരു ബാറ്റ്സ്മാന്റെ ഒമ്പതാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്. 33-ാം ഓവറിൽ സ്പിന്നർ സൂരിയുടെ പന്തിൽ സൂര്യവംശി പുറത്താവുകയായിരുന്നു.
ഇന്ത്യയുടെ 433 റൺസ് അണ്ടർ 19 ഏകദിനങ്ങളിലെ അവരുടെ എക്കാലത്തെയും ഉയർന്ന സ്കോറും അണ്ടർ 19 ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറുമാണ്. വൈഭവ് സൂര്യവംശിക്ക് പുറമെ വിഹാൻ മൽഹോത്ര (69), ആരോൺ ജോർജ്ജ് (69) എന്നിവരും അർദ്ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നൽകി. സൂര്യവംശിയും ആരോൺ ജോർജ്ജും ചേർന്ന് രണ്ടാം വിക്കറ്റിൽ 212 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. വേദാന്ത് ത്രിവേദി (38), അഭിജ്ഞാൻ കുണ്ടു (32 നോട്ടൗട്ട്), കനിഷ്ക് ചൗഹാൻ (28) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തുപകർന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. പൃഥ്വി മധു (50), ഉദ്ധിഷ് സൂരി (78 നോട്ടൗട്ട്) എന്നിവർ യുഎഇക്കായി പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.




