- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരാശപ്പെടുത്തി വൈഭവ് സൂര്യവന്‍ഷി; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്എയുടെ കുഞ്ഞൻ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റിന്; ഹെനിൽ പട്ടേൽ കളിയിലെ താരം

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം. സിംബാബ്‌വെയിലെ ബുലവായോയിൽ നടന്ന മത്സരത്തിൽ, മഴയെ തുടർന്ന് 37 ഓവറിൽ 96 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അമേരിക്കയെ 107 റൺസിന് ഒതുക്കിയ ഹെനില്‍ പട്ടേലും, പുറത്താകാതെ 42 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച അഭിഗ്യാന്‍ കുണ്ടുവും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ പേസർ ഹെനിൽ പട്ടേലാണ് കളിയിലെ താരം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറിൽ 107 റൺസിന് ഓൾ ഔട്ടായി. 52 പന്തിൽ 36 റൺസെടുത്ത നിതീഷ് സുധിനി ആയിരുന്നു അമേരിക്കയുടെ ടോപ് സ്കോറർ. സാഹിൽ ഗാർഗ് (16), അർജ്ജുൻ മഹേഷ് (16), അദ്‌നിത് ജാംബ് (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഇന്ത്യൻ ബൗളിംഗിൽ ഹെനിൽ പട്ടേൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി എതിരാളികളെ തകർത്തു. രണ്ടാം ഓവറിൽ അമ്രീന്ദർ ഗില്ലിനെ (1) പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ഹെനിൽ, ഉത്കർഷ് ശ്രീവാസ്തവ (0), അർജ്ജുൻ മഹേഷ് (16) എന്നിവരെയും മടക്കി.
ദീപേഷ് ദേവേന്ദ്രൻ സാഹിൽ ഗാർഗിന്റെ (16) വിക്കറ്റ് നേടി. ഇതോടെ ഒരു ഘട്ടത്തിൽ 39 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് അമേരിക്ക വീണിരുന്നു. അമേരിക്കൻ ഇന്നിംഗ്‌സിന് ശേഷം മഴയെത്തിയതോടെ കളി തടസ്സപ്പെട്ടു. മഴ മാറിയപ്പോൾ, ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 96 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ, വിജയലക്ഷ്യം ചെറുതായിരുന്നിട്ടും ഇന്ത്യക്ക് തുടക്കത്തിൽ പിഴച്ചു. ഓപ്പണർ വൈഭവ് സൂര്യവൻഷി (2), വേദാന്ത് ത്രിവേദി (2) എന്നിവരെ റിത്വിക് അപ്പിടി പുറത്താക്കി.
ക്യാപ്റ്റൻ ആയുഷ് മാത്രെയെ (19) റിഷഭ് ഷിംപിയും മടക്കിയതോടെ 25 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് വിഹാൻ മൽഹോത്രയും (18) പുറത്തായി. ഈ ഘട്ടത്തിലാണ് അഭിഗ്യാന്‍ കുണ്ടുവിന്റെ തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 41 പന്തിൽ ഒരു സിക്സും അഞ്ച് ഫോറുമടക്കം പുറത്താകാതെ 42 റൺസ് നേടിയ കുണ്ടു, കൗഷിക് ചൗഹാനുമൊത്ത് (10 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.


