ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരുമോയെന്നതാണ് പ്രധാനമായും ചര്‍ച്ച. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച രോഹിത്തിന്, തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ സ്ഥാനമൊഴിയുകയാണെങ്കില്‍ ഇടക്കാല ക്യാപ്റ്റാനാവാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് സീനിയര്‍ താരം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ബിസിസിഐ തള്ളിക്കളഞ്ഞുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കില്ലെന്നാണ് സൂചന. ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്നതുവെ ഇടക്കാല ക്യാപ്റ്റനാവാമെന്ന നിര്‍ദേശം സീനിയര്‍ താരം മുന്നോട്ടുവെച്ചത്.

രോഹിത്ത് മാറുന്ന സാഹചര്യം വന്നാല്‍ പുതിയ നായകന്‍ വരുന്നതുവരെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറാണെന്ന് ഒരു മുതിര്‍ന്ന താരം ബിസിസിഐയ്ക്കു മുന്നില്‍ 'ഓഫര്‍' വച്ചെങ്കിലും, സിലക്ടര്‍മാരോ പരിശീലകരോ ബിസിസിഐയോ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകസ്ഥാനത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കാവുന്ന ഒരാളെയാണ് പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യമെന്നാണ് വിവരം. താല്‍ക്കാലിക സംവിധാനങ്ങളോട് അതുകൊണ്ടുതന്നെ ഗംഭീര്‍ താല്‍പര്യം കാണിക്കുന്നുമില്ല.

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് സ്ഥിരം നായകനെ തന്നെ കണ്ടെത്തണമെന്നുമാണ് ഗംഭീറിന്റെ നിലപാട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് തുടരുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. നിലവില്‍ ഏകദിനത്തിലും ട്വന്റി 20യിലും ഗില്‍ വൈസ് ക്യാപ്റ്റനാണ്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു തലമുറ മാറ്റത്തിന് കൂടിയാണ് ബിസിസിഐ ഒരുങ്ങുന്നത്. അതിന്റെ സൂചനയാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനായി കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റിനെ നയിക്കാന്‍ സാധിക്കുന്ന കളിക്കാരനെയാണ് മാനേജ്മെന്റ് പരിഗണിക്കുന്നത്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് രോഹിത്തിന് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസമായി. ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ട് പരമ്പര പോലുള്ള വലിയൊരു വെല്ലുവിളി മുന്നില്‍ നില്‍ക്കേ ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരു പരീക്ഷണത്തിന് മുതിരാന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും മുതിരുമോ എന്നാണറിയാനുള്ളത്.

ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ തോറ്റതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണായകമാണ്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ എവേ വിജയങ്ങള്‍ക്ക് കൂടുതല്‍ പോയന്റ് ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് അഞ്ച് മത്സര പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്.