- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെര്‍ത്ത് ടെസ്റ്റ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയിൽ; രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസ്; 130 റണ്‍സിന്‍റെ ആധികാരിക ലീഡ്; റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി ജയ്സ്വാളും രാഹുലും
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുൻതൂക്കം. 46 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒടുവിൽ ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സുമായി യശസ്വി ജയ്സ്വാളും 34 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍.
130 റണ്‍സിന്‍റെ ആധികാരിക ലീഡ് ഇന്ത്യക്കുണ്ട്. ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് പിന്നിട്ടതോടെ 2003ല്‍ സിഡ്നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് 123 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷമുള്ള ഓസ്ട്രേലിയയിലെ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും യശസ്വിയും രാഹുലും സ്വന്തമാക്കി.
അതേസമയം, ഒന്നാം ഇന്നിംഗ്സിൽ 150 റൺസ് മാത്രം നേടാനായ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 104 റണ്‍സിന് പുറത്താക്കാൻ ഇന്ത്യക്കായി. 46 റൺസിനെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും മികച്ച തുടക്കമാണിട്ടത്.
കരുതലോടെ കളിച്ച രാഹുലും യശസ്വിയും സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. പതിനഞ്ചാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 50 കടത്തി. പേസര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കാനാവാഞ്ഞതോടെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മിച്ചല്‍ മാര്‍ഷിനെയും സ്പിന്നര്‍ നേഥന്‍ ലിയോണിനെയും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെന്നപോലെ നാലു പേര്‍ മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിലും രണ്ടക്കം കടന്നത്. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ.