ന്യൂഡൽഹി: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയ പ്രതീക്ഷ. രാജ്‌കോട്ട് നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് നാലാമത്തെ ടീം സ്‌കോറാണ് ഇന്ത്യ ഇന്ന് നേടിയത്. ഓപ്പണർമാരായ പ്രതീക റാവലിന്റെയും (129 പന്തില്‍ 154) ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും (80 പന്തില്‍ 135) സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. റിച്ചാ ഘോഷ് (42 പന്തില്‍ 59) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ട്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അയർലൻഡ് വനിതകൾ 22 ഓവറുകളിൽ 119/5 എന്ന നിലയിലാണ്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും പ്രതീക റാവലിന്റെയും തകർപ്പൻ പ്രകടനത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 435/5 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു. മന്ദനയും പ്രതിക റാവലും ചേര്‍ന്ന് 233 റണ്‍സാണ് ആദ്യ വിക്കറ്റിൽ നേടിയത്. 27-ാം ഓവറില്‍ മന്ദാന മടങ്ങിയിന് പിന്നാലെയാണ് പ്രതിക തന്റെ കന്നി സെഞ്ച്വറി നേടിയത്. 129 പന്തുകള്‍ നേരിട്ട പ്രതിക 154 റണ്‍സെടുത്തും പുറത്തായി.

ഇന്ത്യയ്ക്കായി റിച്ച ഘോഷ് അര്‍ധ സെഞ്ചറിയും (42 പന്തില്‍ 59) നേടി. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് രണ്ട്‍ വിക്കറ്റുകൾ നേടി. തേജൽ ഹസബ്നിസ് (28), ഹർലീൻ ഡിയോൾ (15), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ദീപ്തി ശർമ്മ (11), ജെമിമ റോഡ്രിഗസ് (4) എന്നിവർ പുറത്താകാതെ നിന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.