പൂനെ: ന്യൂസിലൻന്റിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായി സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി. രണ്ടാം ടെസ്റ്റ് പൂനെയിലും മൂന്നാം ടെസ്റ്റ് മുംബൈയിലുമാണ് നടക്കുക.

ഇന്ത്യയ്‌ക്കായി ആകെ നാല് ടെസ്റ്റുകൾ മാത്രമാണ് സുന്ദർ കളിച്ചിട്ടുള്ളത്. ഈ നാല് മത്സരങ്ങളും 2021-ൽ ആയിരുന്നു. ബ്രിസ്‌ബേനിലെ ഗാബയിലെ ഐതിഹാസിക വിജയം ടെസ്റ്റ് വിജയത്തിന്റെ ഭാഗമാവാനും തമിഴ്നാട് ഓൾറൗണ്ടറിനായിട്ടുണ്ട്.

രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് വീണ്ടും ഇന്ത്യൻ സ്‌ക്വാഡിലേക്കെത്താൻ താരത്തിന് സഹായകമായത്. രഞ്ജിയിൽ തമിഴ്നാടിനായി കളിക്കുന്ന സുന്ദർ 152 നേടി. ഇതിന് തൊട്ടുപിന്നാലെയാണ് സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താനുള്ള ബിസിസിഐയുടെ പ്രഖ്യാപനം എത്തിയത്. സുന്ദറിനെ കൂടാതെ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് സ്പിന്നർമാർ.