ദുബായ്: ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിന്റെ ആവേശക്കൊടുമുടിയിലാണ് ക്രിക്കറ്റ് ആരാധകര്‍. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഹസ്തദാനവിവാദവും പാക്ക് താരങ്ങളുടെ പ്രകോപനവും എല്ലാം ചര്‍ച്ചയാകുന്നതിനിടെ ഇന്ത്യ - പാക്ക് താരങ്ങള്‍ ഫീല്‍ഡില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ മത്സരത്തിന്റെ നിറംകെടുത്തുന്ന പെരുമാറ്റം പാക്കിസ്ഥാന്‍ താരങ്ങളില്‍ നിന്നും ഉണ്ടാകുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഹസ്തദാനവിവാദവും പാക് താരങ്ങളുടെ ആംഗ്യപ്രകടനവുമെല്ലാം ഐസിസി ഇടപെടലില്‍ വരെയെത്തി നില്‍ക്കുമ്പോള്‍ മൈതാനത്തും മൈതാനത്തിന് പുറത്തും ടീമുകളുടെ ഇടപെടലുകള്‍ വീണ്ടും വിലയിരുത്തപ്പെടും. അതേസമയം ആക്രമണോത്സുകമായ പെരുമാറ്റങ്ങള്‍ പാക് താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാകാനുള്ള സാധ്യതയേറെയാണ്. ആരെങ്കിലും അത്തരം പെരുമാറ്റങ്ങള്‍ നടത്തിയാല്‍ അവരെ തടയില്ലെന്ന് പറയുകയാണ് പാക് നായകന്‍ സല്‍മാന്‍ ആഗ.

അത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു, ഓരോരുത്തര്‍ക്കും അവരുടേതായ വഴികളുണ്ട്. ഗ്രൗണ്ടില്‍ ആരെങ്കിലും ആക്രമണോത്സുകത കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തുകൊണ്ട് പാടില്ല? കാരണം, ഒരു ഫാസ്റ്റ് ബൗളറില്‍ നിന്ന് ആക്രമണോത്സുകത എടുത്തുമാറ്റിയാല്‍, പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. - സല്‍മാന്‍ ആഗ പറഞ്ഞു.

ഓരോ കളിക്കാരനും തന്റെ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍, ഗ്രൗണ്ടില്‍ എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തില്‍ ഞാന്‍ കളിക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. താരങ്ങള്‍ ആരോടെങ്കിലും അനാദരവ് കാണിക്കുകയോ രാജ്യത്തിന് അപമാനകരമായ എന്തെങ്കിലും ചെയ്യുകയോ ചെയ്യാത്ത പക്ഷം അത് തടയില്ലെന്ന് പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ഫാസ്റ്റ് ബൗളറില്‍ നിന്ന് അത്തരം ആംഗ്യങ്ങള്‍ ഒഴിവാക്കിയാല്‍ അയാള്‍ വേണ്ടത്ര ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നില്ല. കൂടാതെ, ഒരു വ്യക്തിക്ക് ഗ്രൗണ്ടില്‍ ആക്രമണോത്സുകത കാണിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അത് നമ്മുടെ ടീമില്‍ നിന്നായാലും അവരുടെ ടീമില്‍ നിന്നായാലും സ്വാഗതം, എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല.- ആഗ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാകിസ്താന്‍ ബന്ധം ഇതിലും മോശമായിരുന്നപ്പോഴും ഹസ്തദാനം നടന്നിരുന്നതായും അങ്ങനെ ചെയ്യാതിരിക്കുന്നത് ക്രിക്കറ്റിന് നല്ലതാണെന്ന് കരുതുന്നില്ലെന്നും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ 2007 മുതല്‍, അണ്ടര്‍ 16 തലത്തിലാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. രണ്ട് ടീമുകള്‍ക്കിടയില്‍ ഹസ്തദാനം നടക്കാതിരിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്റെ പിതാവ് ഒരു വലിയ ക്രിക്കറ്റ് ആരാധകനാണ്. അദ്ദേഹം പറഞ്ഞത് 20 വര്‍ഷത്തിനിടയില്‍ രണ്ട് ടീമുകളും ഹസ്തദാനം ചെയ്യാതിരുന്ന ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ്. അങ്ങനെ സംഭവിക്കാത്ത ഒരു സമയം എനിക്ക് പോലും ഓര്‍ക്കാന്‍ കഴിയുന്നില്ല.- ഫൈനലിന് മുന്‍പ് നടന്ന പത്രസമ്മേളനത്തില്‍ സല്‍മാന്‍ ആഗ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഒരുക്കളിയും തോല്‍ക്കാതെയാണ് സൂര്യകുമാര്‍ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്ഥാന്‍ തോറ്റത് രണ്ടുകളിയില്‍. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യാത്തതിന്റെ പേരിലും മാച്ച് റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ടും യുഎഇക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണിയും മുഴക്കിയിരുന്നു.

കിരീടം നല്‍കുക മൊഹ്‌സിന്‍ നഖ്വി

ഏഷ്യാ കപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി തന്നെയായിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫൈനല്‍ മത്സരത്തിനായി മൊഹ്‌സിന്‍ നഖ്വി ഇന്നലെ ദുബായില്‍ എത്തിയിട്ടുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റെന്ന നിലയില്‍ നഖ്വി തന്നെ കിരീടം സമ്മാനിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇന്ത്യയാണ് ടൂര്‍ണമെന്റിന്റെ ആതിഥേയരെന്നതിനാല്‍ ആരാണ് കിരിടം സമ്മാനിക്കേണ്ടതെന്ന കാര്യത്തില്‍ നിലപാടെടുക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല.

എന്തായാലും പാക് താരങ്ങളുമായി ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യന്‍ ടീം ഏഷ്യാ കപ്പില്‍ കിരീടം നേടുകയാണെങ്കില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുമോ എന്നാണ് ആകാംക്ഷ. ഫൈനലിന് മുമ്പ് പാകിസ്ഥാന്‍ ക്യാപ്റ്റനൊപ്പമുള്ള ട്രോഫി ഫോട്ടോ ഷൂട്ടിന് ഇന്ത്യ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നതാണ് കിരീടം നേടായില്‍ ഇന്ത്യക്ക് മുന്നിലുയരുന്ന പ്രതിസന്ധി.

കിരീടം ഏറ്റുവാങ്ങിയാലും നഖ്വിയുമായി ഹസ്തദാനത്തിനോ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാനോ ഇന്ത്യന്‍ ടീം തയാറാവുമോ എന്നും കണ്ടറിയേണ്ടതാണ്. മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥീരീകരണങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല.