- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുൽവാമയിൽ ജീവൻ ബലി നൽകിയത് 40 സൈനികർ'; ലോകകപ്പിലെ രണ്ട് പോയന്റുകളേക്കാൾ വലുതാണ് രാജ്യം; ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണം; പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം; ചിരവൈരികളുമായുള്ള ക്രിക്കറ്റിനെപ്പറ്റി ഗംഭീർ അന്ന് പറഞ്ഞത്

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കോച്ചും മുൻ താരവുമായ ഗൗതം ഗംഭീറിന്‍റെ പഴയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. 2019-ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ 2019 ഏകദിന ലോകകപ്പിന് മുമ്പാണ് ഗംഭീർ ഇങ്ങനെ പ്രതികരിച്ചത്. ലോകകപ്പുകളിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന ഉറച്ച നിലപാടായിരുന്നു ഗംഭീർ അന്ന് സ്വീകരിച്ചത്.
ലോകകപ്പിൽ നിന്ന് ലഭിക്കുന്ന രണ്ട് പോയിന്‍റുകളേക്കാൾ വലുതാണ് രാജ്യം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. പുൽവാമയിൽ ജീവൻ ബലി നൽകിയ 40 സൈനികരുടെ ത്യാഗത്തിന് മുന്നിൽ ലോകകപ്പ് ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ഗംഭീർ ഒരു ടെലിവിഷൻ ചർച്ചയിൽ അന്ന് പറഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തിൽ പാകിസ്ഥാനെ ലോകകപ്പിൽ ബഹിഷ്കരിച്ചാലും അത് രാജ്യത്തെ ജനങ്ങൾക്ക് മനസിലാകും. പാക്കിസ്ഥാനുമായി ഭാഗികമായ വിലക്കല്ല, പൂർണ്ണമായ വിട്ടുനിൽക്കലാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പാക്കിസ്ഥാനെതിരെ നിബന്ധനകളോടെയുള്ള വിലക്കുകൾക്ക് അർത്ഥമില്ലെന്നും ഒന്നുകിൽ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം അല്ലെങ്കിൽ എല്ലാം തുറന്നിടണമെന്നും പുൽവാമയിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഗംഭീർ വ്യക്തമാക്കിയിരുന്നു. ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്ഥാനെ ബഹിഷ്കരിക്കുന്നത് ഇന്ത്യയ്ക്ക് പ്രയാസകരമായേക്കാം. എന്നാൽ, ഏഷ്യ കപ്പിലെങ്കിലും പാകിസ്ഥാനുമായി കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലോകകപ്പുകളിലോ ഏഷ്യാ കപ്പിലോ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടിയെന്ന് വരില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, ഇന്ത്യൻ ടീം ഈ നിലപാട് സ്വീകരിച്ചാൽ ഒരു മാധ്യമവും അവരെ കുറ്റപ്പെടുത്താൻ പാടില്ലെന്നും, ജീവൻ ബലി നൽകേണ്ടി വന്ന 40 സൈനികർ ഒരു ക്രിക്കറ്റ് മത്സരത്തേക്കാൾ എത്രയോ മുകളിലാണെന്നും ഗംഭീർ അന്ന് പറഞ്ഞത്. എന്നാൽ, ഗംഭീറിന്‍റെ ഈ പ്രസ്താവനകൾക്ക് വിപരീതമായി, 2019-ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വിരാട് കോലി നയിച്ച ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ മത്സരിച്ചിരുന്നു.
അതേസമയം, ട്വന്റി 20 ലോകകപ്പ് 2026ല്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്തെത്താനും സാധ്യതയുണ്ട്. ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ പൂര്‍ണ്ണമായി വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്. പിസിബിക്കുള്ള സാമ്പത്തിക വിഹിതമായ 316 കോടിയോളം രൂപയും ഐസിസി തടഞ്ഞുവെച്ചേക്കും.
ഇതെല്ലാം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ- പാക് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെയും വിവാദ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുകയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം വീണ്ടുമൊരിക്കല്‍ കൂടി കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനിടെയാണ്, ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നാടകീയ തീരുമാനം പാക്കിസ്ഥാന്‍ കൈക്കൊണ്ടത്. ലോകകപ്പില്‍ നിന്നും ഭാവി ടൂര്‍ണമെന്റുകളില്‍ നിന്നും പുറത്താക്കുന്നതും സാമ്പത്തിക ഉപരോധവും അടക്കമുള്ള ശക്തമായ നടപടികളിലേക്ക് ഐസിസി കടക്കുന്നതോടെ പിസിബിക്ക് മനംമാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്നറിയാം.


