- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി; ഇപ്പോള്‍ 'ഇന്ത്യയോട് കളിക്കാനില്ല' എന്ന വാദവും; ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മഹാപോരാട്ടം അനിശ്ചിതത്വത്തില്‍
ആദ്യം ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി; ഇപ്പോള്‍ 'ഇന്ത്യയോട് കളിക്കാനില്ല' എന്ന വാദവും

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കം. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആലോചിക്കുന്നത്. ഇത്തരമൊരു നീക്കത്തോട് ഇന്ത്യയും ഐസിസിയും എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.
ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. ഐസിസിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന സാധ്യതയാണ് പിസിബി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇന്ത്യ-പാക് മത്സരത്തിന്റെ വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്നും പിസിബി യോഗത്തില്‍ വാദം ഉയര്‍ന്നു.
ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല്‍ ഐസിസി കടുത്ത നടപടിയെടുക്കുമെന്ന് ആശങ്കയുള്ളതിനാലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പിസിബി സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ സമീപനത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റിലേക്ക് ടീമിനെ അയക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കാനിടയില്ല. ഇത് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല, മറിച്ച് ധാര്‍മികതയുടെ പ്രശ്‌നമാണ്. ബംഗ്ലാദേശിന്റെ നിയപരമായ അവകാശമാണ് നിഷേധിക്കപ്പെട്ടത്,' എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വേദി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ മറ്റ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകള്‍ ഐസിസി തള്ളിക്കളയുകയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
സുരക്ഷാപരമായ കാരണങ്ങളാല്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു. എന്നാല്‍ വേദി മാറ്റണമെന്ന ആവശ്യം തള്ളിയ ഐസിസി, ബംഗ്ലാദേശിന് പകരം ലോക റാങ്കിംഗില്‍ 14-ാം സ്ഥാനത്തുള്ള സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തി. ഐസിസിയുടെ ഈ നിലപാട് ചിറ്റമ്മ നയമാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു.


