ബ്രിസ്‌ബെയ്ന്‍: ബുംറയുടെ ആകാശ് ദീപിന്റെയും അവസാന നിമിഷ ചെറുത്ത് നില്‍പ്പില്‍ ഇന്ത്യ 260 റണ്‍സെടുത്തു. ഓസീസിന് 185 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഒസീസിന് പക്ഷേ ആദ്യം തന്നെ പിഴച്ചിരിക്കുകയാണ്. 44 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനി നാല്, ഉസ്മാര്‍ ഖ്വാജ എട്ട്, മാര്‍നസ് ലബുഷാഗേ ഒന്ന്, മിച്ചല്‍ മാര്‍ഷ് രണ്ട്, സ്റ്റീവ് സ്മിത് നാല് എന്നിവരാണ് പുറത്തായ താരങ്ങള്‍. 13 റണ്‍സുമായി ട്രാവിസ് ഹെഡും, 7 റണ്‍സുമായി അലക്‌സ് ക്യാരിയുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതും ജസ്പ്രീത് ബുംറയും, ആകാശ് ദീപും എടുത്തപ്പോള്‍, മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.

ഓസ്ട്രേലിയക്കെതിരായ ബ്രിസ് ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 260 റണ്‍സിന് അവസാനിച്ചു. 31 റണ്‍സെടുത്ത ആകാശ് ദീപിനെ ട്രാവിസ് ഹെഡ് ആണ് പുറത്താക്കിയത്. ഹെഡിന്റെ പന്തില്‍ കീപ്പര്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. 44 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് ആകാശ് ദീപ് 31 റണ്‍സെടുത്തത്. ജസ്പ്രീത് ബുംറ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇതോടെ ഒന്നാമിന്നിങ്സില്‍ ഓസ്ട്രേലിയക്ക് 185 റണ്‍സിന്റെ ലീഡാണ് ഉള്ളത്. മഴയെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കളി പുനഃരാരംഭിച്ചാല്‍ പെട്ടെന്ന് റണ്‍സടിച്ചു കൂട്ടി മോഹിപ്പിക്കുന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വെയ്ക്കാനാകും ഓസീസ് ശ്രമിക്കുക. ആദ്യ ഇന്നിങ്സില്‍ ഓസീസ് 445 റണ്‍സെടുത്തിരുന്നു.

ഇന്ത്യയുടെ ഒന്‍പത് വിക്കറ്റുകളും 213 റണ്‍സില്‍ വച്ച് നഷ്ടപ്പെട്ടെങ്കിലും പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.