ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ 238 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. 48.3 ഓവറിൽ ഇന്ത്യൻ ടീം മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തി ഓൾ ഔട്ടാകുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസെടുത്ത സവാദ് അബ്രാർ ആണ് പുറത്തായത്. ദീപേഷ് ദേവേന്ദ്രനായിരുന്നു വിക്കറ്റ്.

മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 12 റൺസിനിടെ രണ്ട് വിക്കറ്റും പിന്നീട് 53 റൺസിൽ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ട് ടീം പ്രതിരോധത്തിലായി. ഈ ഘട്ടത്തിൽ നാലാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശി, അഭിഗ്യാൻ കുണ്ടു സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് സ്കോർ 115 റൺസിലേക്ക് ഉയർത്തി. വൈഭവ് പുറത്തായതിന് ശേഷവും അഭിഗ്യാൻ ഒരു ഭാഗത്ത് നിന്ന് മികച്ച പ്രകടനം തുടർന്നു.

അഭിഗ്യാൻ കുണ്ടു 4 ഫോറും 3 സിക്സുമടക്കം 80 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 67 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 72 റൺസാണ് വൈഭവ് സൂര്യവംശി നേടിയത്. കനിഷ്ക് ചൗഹാൻ 28 റൺസ് നേടി ടീം സ്കോറിലേക്ക് സംഭാവന നൽകി. അവസാന ഓവറുകളിൽ ദീപേഷ് ദേവേന്ദ്രൻ 6 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം നിർണായക 6 റൺസ് നേടി ടീം സ്കോർ 238-ൽ എത്തിക്കാൻ സഹായിച്ചു. ബംഗ്ലാദേശിനുവേണ്ടി അൽ ഫഹദ് 5 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ഇഖ്ബാൽ ഹുസൈൻ ഇമോൻ, അസിസുൽ ഹകിം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ബംഗ്ലാദേശിന് വിജയിക്കാൻ 239 റൺസ് ആവശ്യമാണ്.