- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിക്കൊപ്പം അപൂര്‍വ നേട്ടവുമായി ശുഭ്മാന്‍ ഗില്‍; അര്‍ധ സെഞ്ചുറിയുമായി കോലിയുടെ തിരിച്ചുവരവ്; തകര്‍ത്തടിച്ച് ശ്രേയസും രാഹുലും; മൂന്നാം ഏകദിനത്തില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ; ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനു മുന്നില്‍ വമ്പന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ (78), വിരാട് കോലി (52) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 356 റണ്‍സെടുത്തു പുറത്തായി.
ശുഭ്മന്‍ ഗില്‍ സെഞ്ചറി നേടി ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചു. 95 പന്തുകളില്‍നിന്നാണ് ഗില്‍ ഏകദിന ക്രിക്കറ്റ് കരിയറിലെ ഏഴാം സെഞ്ചറി നേടിയത്. 102 പന്തുകള്‍ നേരിട്ട താരം 112 റണ്‍സെടുത്തു പുറത്തായി. ആദില്‍ റാഷിദിന്റെ പന്തില്‍ ഗില്‍ ബോള്‍ഡാകുകയായിരുന്നു.
ഗില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് തികയ്ക്കുന്ന താരമായി. 2019 ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്‍ 50 ഏകദിനങ്ങളില്‍ നിന്നാണ് 2500 റണ്‍സ് പിന്നിട്ടത്. 53 ഏകദിനങ്ങളില്‍ 2500 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് മറികടന്നത്. മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ 25 റണ്‍സായിരുന്നു ഗില്ലിന് റെക്കോര്‍ഡിലേക്ക് വേണ്ടിയിരുന്നത്. ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ശ്രേയസ് അയ്യര്‍ (64 പന്തില്‍ 78), വിരാട് കോലി (55 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചറിയുമായി തിളങ്ങി. കെ.എല്‍. രാഹുല്‍ (29 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 17), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു റണ്‍ മാത്രമെടുത്തു പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. മാര്‍ക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത്തിന്റെ മടക്കം.
രോഹിത്തിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലും വിരാട് കോലിയും കൈകോര്‍ത്തതാണു രക്ഷയായത്. ആറു റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീണത് 122 റണ്‍സിലായിരുന്നു. 19ാം ഓവറില്‍ ആദില്‍ റാഷിദിന്റെ അവസാന പന്തില്‍ വിരാട് കോലി പുറത്തായി. ഫോം കണ്ടെത്താനാകാതെ തുടര്‍ച്ചയായി പരാജയപ്പെട്ട കോലിക്ക് ആശ്വാസമായി മാറി ഈ അര്‍ധ സെഞ്ചറി. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യ 200 ഉം കടന്നു അതിവേഗം മുന്നേറി. സ്‌കോര്‍ 226 ല്‍ എത്തിയപ്പോഴായിരുന്നു ഗില്ലിന്റെ മടക്കം.
39ാം ഓവറില്‍ ആദില്‍ റാഷിദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് ക്യാച്ചെടുത്ത് അയ്യരെയും മടക്കി. 40 റണ്‍സെടുത്ത രാഹുലിനെ സാക്കിബ് മഹ്‌മൂദ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.
മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. പരിശീലനത്തിനിടെ പരുക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്കു പകരം കുല്‍ദീപ് യാദവും വിശ്രമം അനുവദിച്ച മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ഒരു മാറ്റമുണ്ട്. ജെയ്മി ഓവര്‍ട്ടനു പകരം ടോം ബാന്റന്‍ ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്, വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്
ഇംഗ്ലണ്ട് ടീം: ഫിലിപ് സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ടോം ബാന്റന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഗസ് അറ്റ്കിന്‍സന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്‌മൂദ്.