- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷസിന്റെ മുന്നൊരുക്കമെന്ന് പരിഹസിച്ചത് ഗ്രെയിം സ്വാന്‍; ബാസ്ബോളുമായെത്തിയ ബെന്‍ സ്റ്റോക്സിന്റെ സംഘത്തെ വിറപ്പിച്ചു; ബര്‍മിങാമിലെ 336 റണ്‍സ് ജയവും ഓവലിലെ തിരിച്ചുവരവും; ലോര്‍ഡ്‌സില്‍ ജയം കൈവിട്ടത് 22 റണ്‍സിന് മാത്രം; ഈ സമനില പരമ്പര നേട്ടത്തിന് തുല്യം; ഗില്ലിന്റെ യുവനിരയുമായി ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്‍
ഗില്ലിന്റെ യുവനിരയുമായി ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്‍
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആറ് റണ്‍സിന്റെ അവിസ്മരണീയ ജയവുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പര സമനിലയാക്കിയതോടെ(2-2) ശുഭ്മാന്‍ ഗില്ലിന്റെ യുവ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ 3-1ന് നഷ്ടമാകുമായിരുന്ന പരമ്പരയാണ് അവസാന ദിനത്തില്‍ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും വീരോചിത പ്രകടനങ്ങളിലൂടെ ഇന്ത്യ 2-2 സമനിലയാക്കിയത്. നാലു വിക്കറ്റ് ശേഷിക്കെ അവസാന ദിനം 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ദിനം മൂന്ന് വിക്കറ്റെടുത്ത സിറാജും ഒരു വിക്കറ്റെടുത്ത പ്രസിദ്ധും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിന് ആറ് റണ്‍സകലെ എറിഞ്ഞിട്ട് ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ടെസ്റ്റ് പരമ്പര സമനിലയാക്കി. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് 2-1ന് പിന്നില്‍ നിന്നശേഷം അവസാന ടെസ്റ്റ് ജയിച്ച് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സമനിലയാക്കുന്നത്. ഇതിന് പുറമെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് വിദേശത്ത് ഒരു പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നത്.
അതേ സമയം ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരമെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയെ പരിഹസിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍ അശ്വിനും ഒന്നുമില്ലാതെ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മാത്രം ടീമുകളെ നയിച്ച പരിചയമുള്ള ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലെത്തുന്ന ഇന്ത്യന്‍ യുവനിരയ്ക്ക് അത്രത്തോളം പ്രാധാന്യമെ ഗ്രെയിം സ്വാന്‍ നല്‍കിയുള്ളു. ഈ പരമ്പര 4-1, 3-2 നോ ഇംഗ്ലണ്ട് വിജയിക്കുമെന്നായിരുന്നു സ്വാന്‍ പറഞ്ഞത്.
ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ പ്രവചിച്ചതാകട്ടെ 3-1ന് ഇംഗ്ലണ്ട് പരമ്പര നേടുമെന്നായിരുന്നു. മുന്‍ നായകന്‍മാരായ അലിസ്റ്റര്‍ കുക്കും മൈക്കല്‍ വോണും ഇംഗ്ലണ്ട് 3-1ന് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചു. ഇന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മൂന്ന് പേരുടെയും പ്രവചനം യാഥാര്‍ത്ഥ്യമാകുമായിരുന്നു. ഇംഗ്ലണ്ട് താരമായ ജോസ് ബട്ലര്‍ 4-1ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനിന്റെ പ്രവചനം 3-2ന് ഇംഗ്ലണ്ട് ജയിക്കുമെന്നായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡാകട്ടെ ഒരു പടി കൂടി കടന്ന് 4-0ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച്, അവരുടെ നിഗമനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച്, ഇംഗ്ലീഷ് പരീക്ഷകള്‍ അനായാസം ജയിച്ചാണ് ഗില്ലിന്റെ യുവനിരയുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
അതിജീവനം അല്ല, ആക്രമണം
രോഹിത് ശര്‍മ, വിരാട് കോലി, രവി അശ്വിന്‍ എന്നിവരില്ല. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിക്കുക അഞ്ചില്‍ മൂന്ന് ടെസ്റ്റ് മാത്രം. സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോടേറ്റ വൈറ്റ് വാഷ് (03), ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി അടിയറവ് പറഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പര. ഗൗതം ഗംഭീറെന്ന പരിശീലകന് കനത്ത വെല്ലുവിളിയാണ് ഇംഗ്ലണ്ടില്‍ കാത്തിരുന്നത്. ബാസ്‌ബോളിനായി മുഖം മിനുക്കിയ വിക്കറ്റുകളില്‍ ഇന്ത്യയുടെ അതിജീവനം എങ്ങനെയായിരിക്കുമെന്നതില്‍ ആകാംഷ മാത്രമായിരുന്നില്ല ആശങ്കയും നിലനിന്നിരുന്നു.
അന്‍പതിലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ട് താരങ്ങള്‍ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും. ജസ്പ്രിത് ബുമ്രയും ഋഷഭ് പന്തുമാണ് തൊട്ടുപിന്നിലുള്ള സീനീയേഴ്‌സ്. മറ്റുള്ളവരെല്ലാം വെള്ളക്കുപ്പായത്തില്‍ പിച്ചവെച്ച് തുടങ്ങിയവര്‍. ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിയിലെ 2-2 എന്ന ഈ കണക്കു നോക്കുമ്പോള്‍ ഒപ്പത്തിനൊപ്പമെന്ന് കാണാമെങ്കിലും ഇംഗ്ലണ്ടിന്റെ കരുത്തുറ്റ നിരയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി പോരാടാന്‍ ഗില്ലിനും സംഘത്തിനുമായി.
സമീപകാല ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി അഞ്ച് മത്സരങ്ങളും അഞ്ചാം ദിവസം വരെ നീണ്ട പരമ്പരയായിരുന്നു കഴിഞ്ഞുപോയത്. അഞ്ചിലും അടുത്തകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളും ചെറുത്തുനില്‍പ്പുകളുമുണ്ടായി. ഇരുടീമുകളും ചേര്‍ന്ന് 21 സെഞ്ച്വറികള്‍, ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യം. അങ്ങനെ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ പല തിരുത്തലുകളും രേഖപ്പെടുത്തിയ പരമ്പര. ഒരുപക്ഷേ, 3-1ന് ഗില്ലും സംഘവും സ്വന്തമാക്കേണ്ടതായിരുന്നു പരമ്പര.
ലീഡ്‌സില്‍ വില്ലനായത് വാലറ്റത്തിന്റെ വീഴ്ചയായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ജയം നേടിയെടുത്തു. ലോര്‍ഡ്‌സില്‍ നിര്‍ഭാഗ്യം സ്റ്റമ്പിലേക്ക് ഉരുണ്ടുകയറിയപ്പോള്‍ പരാജയം. മാഞ്ചസ്റ്ററില്‍ വിജയത്തിനോളം പോന്ന ഒരു സമനില. ഒടുവില്‍ ഓവലിലും പോരാട്ടവീര്യം കാഴ്ചവെച്ചുള്ള കീഴടങ്ങല്‍. അഞ്ച് ടെസ്റ്റിന്റെ ഫലം മാത്രം നോക്കിയല്ല, മറിച്ച് സെഷനുകളെടുത്താല്‍ ഇംഗ്ലണ്ടിന് മുകളില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം സ്ഥാപിച്ചതും ഒപ്പത്തിനൊപ്പവുമെത്തിയ സെഷനുകളുമായിരുന്നു കൂടുതല്‍. ഫലം മാത്രം പ്രതികൂലമായി മാറി നിന്നു. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ 336 റണ്‍സിന്റെ ചരിത്ര ജയം നേടിയത്. ലോര്‍ഡ്‌സില്‍ ജഡേജയുടെ ചെറുത്തുനില്‍പ്പ് ഫലം കണ്ടിരുന്നുവെങ്കില്‍ പരമ്പരയുമായി ഇന്ത്യ മടങ്ങിയേനെ. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവി സുരക്ഷിതമെന്ന് പറയാന്‍ അല്ലെങ്കില്‍ ഉറപ്പിക്കാന്‍ കഴിയുന്ന നിരവധി പ്രകടനങ്ങള്‍ പരമ്പരയിലുണ്ടായി.
ബാറ്ററായി തിളങ്ങി, നായകന്‍ ഗില്ലോ?
ഇംഗ്ലണ്ടിലേക്ക് നായകകുപ്പായമണിഞ്ഞ് ഗില്ലെത്തുമ്പോള്‍ ഏറ്റവും വലിയ ആശങ്ക താരത്തിന്റെ ബാറ്റിങ് മികവ് തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ ഗില്ലിന്റെ ശരാശരി ഇരുപതിലും താഴെയായിരുന്നു. എന്നാല്‍, പരമ്പര അവസാനിക്കുമ്പോള്‍ അത് 52 ആയി ഉയര്‍ത്താന്‍ വലം കയ്യന്‍ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ച് ടെസ്റ്റില്‍ നിന്ന് 754 റണ്‍സ്, നാല് സെഞ്ച്വറി, ഒന്ന് ഇരട്ട ശതകവും. ഒരു ഇന്ത്യന്‍ നായകന്‍ ഒരു പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സ്. വിദേശ വിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ട. ഒരുപക്ഷേ, നായകഭാരം മാറ്റിവെച്ച് ഒരു ബാറ്റര്‍ എന്ന നിലയിലായിരിക്കും കളിയെ സമീപിക്കുക എന്ന ഉറപ്പ് ഗില്‍ പാലിച്ചതായിരിക്കാം.
ഗില്ലെന്ന ബാറ്റര്‍ തിളങ്ങുമ്പോള്‍, അയാളിലെ നായകന്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പല മത്സരങ്ങളും വഴുതിപ്പോയതിന്റെ കാരണം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും കുല്‍ദീപ് യാദവിനെപ്പോലൊരു വിക്കറ്റ് ടേക്കിങ് സ്പിന്നറെ അഞ്ച് മത്സരങ്ങളിലും പുറത്തിരുത്തിയത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അര്‍ഷദീപിനെപ്പോലൊരു ഇടം കയ്യന്‍ പേസറെ എന്തുകൊണ്ട് കൃത്യമായി ഉപയോഗിച്ചില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. നായകനെന്ന നിലയില്‍ ഗില്‍ ഇനിയും ഏറെ തെളിയിക്കാനുണ്ട് എന്നതില്‍ തര്‍ക്കമില്ല.
വൈസ് ക്യാപ്റ്റന്‍ പന്ത്
ഋഷഭ് പന്ത് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്ന് തെളിയിച്ചു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 479 റണ്‍സ്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും. മാഞ്ചസ്റ്ററില്‍ കാലിലെ ഗുരുതര പരുക്കിനെ വകവെക്കാതെ കളത്തിലെത്തി പൂര്‍ത്തിയാക്കിയ അര്‍ദ്ധ സെഞ്ച്വറി എല്ലാ കാലവും ഓര്‍മിക്കപ്പെടുന്നതായിരുന്നു. ഇന്ത്യ സമ്മര്‍ദത്തിലായ കളി സാഹചര്യങ്ങളിലെല്ലാം കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് മത്സരം വീണ്ടെടുത്ത പന്ത് മാജിക്ക് ഇംഗ്ലീഷ് മൈതാനങ്ങളില്‍ ആവര്‍ത്തിച്ചു.
ഓപ്പണര്‍മാര്‍
ഫോം ഏറിയും കുറഞ്ഞുമായിരുന്നെങ്കിലും സെഞ്ച്വറിയോടെ പരമ്പര അവസാനിപ്പിക്കാന്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു. വരും കാലങ്ങളില്‍ മറ്റൊരു ഓപ്പണറിനെ ഇന്ത്യ തേടേണ്ടി വരില്ല എന്ന ഉറപ്പുകൂടി ഇടം കയ്യന്‍ ബാറ്റര്‍ പരമ്പരയിലൂടെ നല്‍കി. ഗില്ലായിരുന്നു റണ്‍വേട്ടയില്‍ മുന്നിലെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും കമ്പോസ്ഡായ ബാറ്റര്‍ കെ എല്‍ രാഹുലായിരുന്നു. പരമ്പരകള്‍ നന്നായി തുടങ്ങി, പിന്നീട് നിറം മങ്ങുന്ന രാഹുലിനെയായിരുന്നില്ല കണ്ടത്, 532 റണ്‍സ്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും.
ഓള്‍റൗണ്ടര്‍മാര്‍
രവീന്ദ്ര ജഡേജ എന്ന ബൗളിങ് ഓള്‍ റൗണ്ടര്‍. പക്ഷേ, ജഡേജ എന്ന ബാറ്ററെ ആയിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഒരുപക്ഷേ, അന്തിമ ഇലവനില്‍ കുല്‍ദീപ് പലപ്പോഴും ഇടം ലഭിക്കാത്തതിന്റെ കാരണവും ജഡേജയുടെ ബാറ്റിങ് മികവായിരുന്നു. ആറാം നമ്പറില്‍ ക്രീസിലെത്തി 516 റണ്‍സ്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച പരമ്പര. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുന്‍പ് ജഡേജ വിരമിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കുള്ള മറുപടി ബാറ്റുകൊണ്ടായിരുന്നു. ജഡേജയ്‌ക്കൊപ്പം വാഷിങ്ടണ്‍ സുന്ദര്‍. നിതീഷ് കുമാറും ശാര്‍ദൂലും പരാജയപ്പെട്ടിടത്ത് പന്തുകൊണ്ട് ബാറ്റുകൊണ്ടും ഒരേ തിളക്കം. നാല് മത്സരങ്ങളില്‍ നിന്ന് 284 റണ്‍സ്. ഏഴ് വിക്കറ്റുകളും സ്വന്തം പേരില്‍. രവി അശ്വിന്റെ പകരക്കാരനേയും കണ്ടെത്താന്‍ ഇന്ത്യക്കായി.
പാളിപ്പോയ മൂന്നാം നമ്പര്‍
ഇന്ത്യന്‍ ബാറ്റിങ്ങിലെ ഏറ്റവും വലിയ ആശങ്കയായി അവശേഷിക്കുന്നത് മൂന്നാം നമ്പറാണ്. കരുണ്‍ നായരിനേയും സായ് സുദര്‍ശനേയും മൂന്നാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും കാര്യമായൊരു സംഭാവന നല്‍കാനായില്ല. രണ്ട് പേരും പരമ്പരയില്‍ ആകെ നേടിയത് ഒരോ അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രമാണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ സെഞ്ച്വറി നേടാത്ത രണ്ട് താരങ്ങളും ഇരുവരുമാണ്. കരുണിന്റെ ഓവലിലെ അര്‍ദ്ധ സെഞ്ച്വറി നിര്‍ണായകമായിരുന്നു. സായ് രണ്ട് തവണയാണ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതും. കരുണ്‍ 205 റണ്‍സും സായ് 140 റണ്‍സുമാണ് പരമ്പരയില്‍ ആകെ നേടിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ഒരുപാട് റണ്‍സ് വാരിക്കൂട്ടാന്‍ കരുണിനായിരുന്നു. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെടാനുള്ള കാരണവും ഇതു തന്നെയാണ്. എന്നാല്‍ നാലു ടെസ്റ്റുകളിലായി എട്ടിന്നിങ്സുകളിലായി 25.62 ശരാശരിയില്‍ 205 റണ്‍സ് മാത്രമേ കരുണിനു നേടാനായുള്ളൂ. ഒരു ഫിഫറ്റി മാത്രമാണ് ഇതിലുള്‍പ്പെടുന്നത്.
ശ്രേയസ് തിരിച്ചെത്തുമോ?
നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ബാറ്റിങില്‍ കാര്യമായി ക്ലിക്കാവാതിരുന്നതോടെ പരന്വരയ്ക്കിടെ തന്നെ ശ്രേയസ് ടീമിനു പുറത്താവുകയായിരുന്നു. പിന്നിടൊരിക്കലും റെഡ് ബോള്‍ സ്‌ക്വാഡിലേക്കു അദ്ദേഹം തിരിച്ചുവിളിക്കുകയും ചെയ്തിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി തിളങ്ങാന്‍ ശ്രേയസിനായിരുന്നു. 68.57 എന്ന ഗംഭീര ശരാശരിയില്‍ 480 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. അതിനു ശേഷം ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ ശ്രേയസ് നിര്‍ണായക പങ്കുവഹിച്ചു. അതിനു ശേഷം ഐപിഎല്ലില്‍ പഞ്ചാബ് കിങിസിനായും ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കസറി
വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ അടുത്ത പരമ്പരയില്‍ കരുണ്‍ തെറിക്കുകയാണെങ്കില്‍ പകരം ടീമിലെത്താനിടയുള്ളവരില്‍ ഏറ്റവും മുന്നിലുള്ളയാള്‍ ശ്രേയസ് തന്നെയാണെന്നു പറയാം. ഇന്ത്യക്കായി ഇതിനകം 24 ഇന്നിങ്സുകളിലാണ് അദ്ദേഹം കളിച്ചത്. 36.86 ശരാശരിയില്‍ 811 റണ്‍സു സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫറ്റികളും ഇതിലുള്‍പ്പെടും.
സര്‍ഫറാസ് ഖാന്‍
യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് കരുണ്‍ നായരുടെ പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കപ്പെടാനിടയുള്ള രണ്ടാമത്തെ താരം. കഴിഞ്ഞ വര്‍ഷ അരങ്ങേറിയ അദ്ദേഹം ഇന്ത്യക്കു വേണ്ടി വെറും 11 ഇന്നിങ്സുകല്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 37.1 ശരാശരിയില്‍ 371 റണ്‍സും നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്. ന്യൂസിലാന്‍ഡുമായി കഴിഞ്ഞ വര്‍ഷമവസാനം ബെംഗളൂരുവില്‍ നടന്ന ടെസ്റ്റിായിരുന്നു സര്‍ഫറാസ് കന്നി സെഞ്ച്വറി കണ്ടെത്തിയത്. പക്ഷെ തുടര്‍ന്നുള്ള ഇന്നിങ്സുകളില്‍ ചില അശ്രദ്ധമായ ഷോട്ടുകളിലൂടെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ വിമര്‍ശനങ്ങളും നേരിട്ടു. ഫിറ്റ്നസും സര്‍ഫറാസിനു ഒരു വില്ലനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിശയിപ്പിക്കുന്ന ഫിറ്റ്നസിലൂടെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
തിലക് വര്‍മ
ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മാണ് കരുണ്‍ നായകര്‍ക്കു പകരം അവസരം ലഭിച്ചേക്കാവുന്ന മൂന്നാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹൈദരാബാദിനായി 34 ഇന്നിങ്സുകളില്‍ നിന്നും 52.06 ശരാശരിയില്‍ 1562 റണ്‍സ് തിലക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. നല്ല തുടക്കങ്ങള്‍ ലഭിച്ചാല്‍ അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ തിലക് എല്ലായ്പ്പോും ശ്രമിക്കാറുമുണ്ട്.
ഇനി സിറാജ് നയിക്കും
ബൗളിങ്ങിലേക്ക് എത്തിയാല്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ഏറ്റവുമധികം ഓവറുകള്‍ പരമ്പരയിലെറിഞ്ഞ താരം. 211.3 ഓവറുകള്‍, പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറും സിറാജായിരുന്നു. ബുമ്രയുടെ അഭാവം അറിയിക്കാതെയുള്ള പ്രകടനം. ബുമ്ര കളിക്കാത്ത രണ്ട് ടെസ്റ്റിലുമായി 16 വിക്കറ്റുകളാണ് വലം കയ്യന്‍ പേസര്‍ നേടിയത്. ബുമ്ര കളിച്ച മത്സരങ്ങളിലാകട്ടെ നേടിയത് ഏഴ് വിക്കറ്റും. ലീഡ് പേസറുടെ ഉത്തരവാദിത്തം നിറവേറ്റാനായി താരത്തിന്.
ബുമ്ര തനിക്ക് ലഭിച്ച അവസരങ്ങളില്‍ പ്രതിഭയോട് നീതി പുലര്‍ത്തി. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 14 വിക്കറ്റ്. പരമ്പരയില്‍ ബെന്‍ സ്റ്റോക്ക്‌സ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ശരാശരിയുള്ളതും ബുമ്രക്കാണ്. എന്നാല്‍, ബുമ്രയേയും സിറാജിനേയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ശരാശരിയായിരുന്നു. ആകാശ് ദീപ് എഡ്ജബാസ്റ്റണില്‍ നേടിയ 10 വിക്കറ്റ് പ്രകടനം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് കാര്യമായി തിളങ്ങിയിട്ടില്ല. പ്രസിദ്ധ് കൃഷണയാകട്ടെ സ്ഥിരതയുടെ അഭാവത്താല്‍ പരമ്പരയിലുടനീളം വിമര്‍ശിക്കപ്പെട്ടു. പ്രസിദ്ധിന്റെ എക്കണോമി പോലും അഞ്ചിന് മുകളിലാണ്. അന്‍ഷുല്‍ കാമ്പോജിന്റെ തിരഞ്ഞെടുപ്പും പാളിയതോടെ പേസ് നിരയില്‍ ഇന്ത്യയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തെളിഞ്ഞു. അര്‍ഷ്ദീപ് സിങ് അടക്കം യുവനിര ബൗളര്‍മാര്‍ അവസരം കാത്തിരിപ്പുണ്ട്. അടുത്ത പരമ്പരയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഗംഭീര്‍ ഒരുങ്ങിയേക്കും.