ലോര്‍ഡ്സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ചയോടെ തുടക്കം. പതിനാറ് ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. 18 റണ്‍സ് എടുത്ത സാക് ക്രോളിയുടെയും 23 റണ്‍സ് എടുത്ത ബെന്‍ ഡെക്കറ്റിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയത്. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഇരുവരും മടങ്ങിയത്.


ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍. പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. പന്തുകള്‍ക്ക് മികച്ച മൂവ്മെന്റ് പിച്ചില്‍ നിന്ന് ലഭിക്കുന്നുണ്ട്.

നേരത്തെ ടോസ് നേടിയ നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലേക്കെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുംറയും മടങ്ങിയെത്തി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാണ് ബുംറ ടീമിലെത്തിയത്.

ആദ്യ രണ്ട് ടെസ്റ്റിലും ടോസ് നേടിയ ശേഷം ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളിംഗിനെ തുണക്കുമെന്ന കരുതുന്ന പിച്ചില്‍ ഇത്തവണ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആരാധകരെ അമ്പരപ്പിച്ചു. ടോസ് നേടിയിരുന്നെങ്കിലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നും ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

ലോര്‍ഡ്‌സില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. പിച്ചില്‍ പച്ചപ്പുണ്ട്. ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരുടെ പ്രകടനമാകും ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ബുംറ അപകടകാരിയാണ്. താളം കണ്ടെത്തിയാല്‍ സിറാജിനെ തളയ്ക്കാനും ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടും. ആകാശ് കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്.

ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേഗംകൊണ്ടും ആക്രമണോത്സുകതകൊണ്ടും ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ കഴിവുള്ള പേസറാണ് ആര്‍ച്ചര്‍. എന്നാല്‍, നാലുവര്‍ഷത്തിനിടെ ടെസ്റ്റില്‍ കളിച്ചില്ലെന്ന പോരായ്മയുണ്ട്. ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ബ്രെണ്ടന്‍ കാഴ്സ് എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പിച്ച് പേസിനെ തുണയ്ക്കുന്നതാണെങ്കില്‍ ക്ഷമയോടെ കളിക്കുകയെന്നതാകും പ്രധാനം. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ കെ.എല്‍. രാഹുലും ഗില്ലുമാണ് അത്തരത്തില്‍ കളിക്കാന്‍ കഴിയുന്നവര്‍.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലീഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ ബര്‍മിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ തിരിച്ചടിച്ചു.

ഇംഗ്ലണ്ട് ടീം - സാക് ക്രോളി, ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രെണ്ടന്‍ കാഴ്സ്,. ജോഫ്ര ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

ഇന്ത്യ ടീം - യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്