കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് മത്സരം അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കെ 304 റണ്‍സിന് എല്ലാവരും പുറത്തായി. സന്ദര്‍ശകര്‍ക്കായി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും ക്രീസ് വിട്ടു. 56 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി. പിന്നീട് റൂട്ടും ജോസ് ബട്ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. അടുത്തത് റൂട്ടിന്റെ ഊഴമായിരുന്നു. 72 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 69 റണ്‍സ് അടിച്ചെടുത്തശേഷമാണ് റൂട്ട് ക്രീസ് വിട്ടത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ജാമി ഒവര്‍ട്ടെന് അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ ആറ് റണ്‍സെടുത്ത ഒവെര്‍ട്ടനേയും ജഡേജയാണ് തിരിച്ചയച്ചത്.

പിന്നാലെ അറ്റ്കിന്‍സണെ മുഹമ്മദ് ഷമിയും പുറത്താക്കി. ഏഴ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു സംഭാവന. തുടര്‍ന്ന് ക്രീസിലെത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് ഫോറോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നാലെ 32 പന്തില്‍ രണ്ട് വീതം ഫോറും സിക്സും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി. ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സാഖിബ് മഹ്‌മൂദ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.

ആദ്യ ഏകദിനം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പുറത്തായി. ആദ്യ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.