മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ് തകര്‍ച്ചയോടെ തുടക്കം. ഇംഗ്ലണ്ട് 311 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ജയ്‌സ്വാളിനെയും (0) സായ് സുദര്‍ശനെയും (0) നഷ്ടമായി. ജയ്‌സ്വാളിനെ റൂട്ടിന്റെ കൈകളിലേക്കും സുദര്‍ശനെ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കും നല്‍കിയാണ് വോക്‌സ് രണ്ടാം ഇന്നിങ്‌സിലെ വേട്ടയ്ക്ക് തുടക്കമിട്ടത്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലാണ്. ഒരു റണ്‍സുമായി കെ എല്‍ രാഹുലും അക്കൗണ്ട് തുറക്കാതെ നായകന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

നാലാംദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് 157.1 ഓവറില്‍ 669 റണ്‍സിനാണ് ഓള്‍ഔട്ടായത്. 311 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ആതിഥേയര്‍ മത്സരത്തില്‍ പിടിമുറുക്കി. ജോ റൂട്ടിന്റെയും(150) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും (141) സെഞ്ചുറികളും ഓപ്പണര്‍മാരായ സാക്ക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. സ്റ്റോക്‌സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു.

തലേന്നാള്‍ ക്രീസില്‍ തുടര്‍ന്നിരുന്ന ലിയാം ഡോസനെ (26) ആണ് നാലാംദിനം ആദ്യം മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെ ബ്രൈഡന്‍ കാര്‍സിനെ മുഹമ്മദ് സിറാജും ബെന്‍ സ്റ്റോക്‌സിനെ രവീന്ദ്ര ജഡേജയും മടക്കി. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടണ്‍ സുന്ദര്‍, ബുംറ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റതാരം അന്‍ഷുല്‍ കംബോജിനും സിറാജിനും ഓരോ വിക്കറ്റ്.

റെക്കോര്‍ഡുകള്‍ പലത് കടപുഴക്കിയുള്ള ജോ റൂട്ടിന്റെ സെഞ്ചുറി ഇന്നിങ്‌സായിരുന്നു മൂന്നാംദിവസത്തെ ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ഹൈലൈറ്റ്. 248 പന്തുകളില്‍ 150 റണ്‍സാണ് താരം നേടിയത്. നാലാംദിനം ക്യാപ്റ്റന്‍ സ്റ്റോക്‌സും സെഞ്ചുറിയുമായി നിറഞ്ഞാടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. 198 പന്തുകളില്‍നിന്ന് 11 ഫോറും മൂന്ന് സിക്‌സും സഹിതമാണ് സ്റ്റോക്‌സിന്റെ 141 റണ്‍സ്. ഇതോടെ ഒരേ ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ചുവിക്കറ്റും നേടുന്ന താരമായി സ്റ്റോക്‌സ് മാറി. സെഞ്ചുറിക്കു ശേഷം സ്‌കോര്‍വേഗം കൂട്ടിയ സ്റ്റോക്‌സ് ഒന്‍പതാമതാണ് മടങ്ങിയത്.

നേരത്തേ ആദ്യ ഇന്നിങ്സില്‍ 114.1 ഓവറില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു. യശസ്വി ജയ്സ്വാളിന്റെയും സായ് സുദര്‍ശന്റെയും പരിക്ക് വലച്ച ഋഷഭ് പന്തിന്റെയും അര്‍ധ സെഞ്ചുറി മികവാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് അഞ്ചുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റൂട്ടും ഒലീ പോപ്പും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് പിറന്നു. അഞ്ചാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 150 റണ്‍സ് കൂടി ചേര്‍ത്തതോടെ ഇന്ത്യ ലീഡ് വഴങ്ങി.