- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിനം വീണത് 14 വിക്കറ്റുകള്‍; രണ്ടാം ദിനം 15 വിക്കറ്റുകള്‍; ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്തി ജഡേജയും അശ്വിനും; കിവീസ് ഒന്‍പത് വിക്കറ്റിന് 171 റണ്‍സ്; 143 റണ്‍സ് ലീഡ്; വാംഖഡെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യക്ക് കനത്ത വെല്ലുവിളി
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വില്‍ യങ് അര്‍ധ സെഞ്ചറി നേടി
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 15 വിക്കറ്റ് വീണ രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ പ്രതീക്ഷയിലാണ്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കീവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. ആദ്യ ഇന്നിങ്സിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മൂന്നാം ദിനം ഇന്ത്യക്ക് ജയ സാധ്യതയുണ്ട്.
എന്നാല്‍ ആദ്യ ദിനം 14 വിക്കറ്റുകള്‍ വീണ വാംഖഡെയില്‍ രണ്ടാം ദിനം 15 വിക്കറ്റുകള്‍ നിലംപൊത്തി. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സെടുക്കുന്നതിനിടെ ന്യൂസീലന്‍ഡിന്റെ ഒന്‍പതു വിക്കറ്റുകള്‍ വീണു. ഏഴു റണ്‍സെടുത്ത അജാസ് പട്ടേലും വില്യം ഒറുക്കുമാണ് കിവീസ് നിരയില്‍ പുറത്താകാതെ നില്‍ക്കുന്നത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വില്‍ യങ് അര്‍ധ സെഞ്ചറി നേടി. 100 പന്തുകള്‍ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി.
ഗ്ലെന്‍ ഫിലിപ്‌സ് (14 പന്തില്‍ 26), ഡെവോണ്‍ കോണ്‍വെ (47 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (44 പന്തില്‍ 21), മാറ്റ് ഹെന്റി (16 പന്തില്‍ 10), ഇഷ് സോഥി (എട്ട്), രചിന്‍ രവീന്ദ്ര (നാല്), ടോം ബ്ലണ്ടല്‍ (നാല്), ക്യാപ്റ്റന്‍ ടോം ലാഥം (ഒന്ന്) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും അശ്വിന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ്ദീപും വാഷിങ്ടന്‍ സുന്ദറും ഓരോ വിക്കറ്റും നേടി. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസീലന്‍ഡിന് 143 റണ്‍സിന്റെ ലീഡുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 263 റണ്‍സെടുത്തു പുറത്തായിരുന്നു. ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രമാണ് നേടാനായത്. ശുഭ്മന്‍ ഗില്ലും (106 പന്തില്‍ 70) ഋഷഭ് പന്തും (59 പന്തില്‍ 60) ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചറി നേടി. വാലറ്റത്ത് പൊരുതിന്ന വാഷിങ്ടന്‍ സുന്ദര്‍ 36 പന്തില്‍ 38 റണ്‍സെടുത്തു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 19 ഓവറില്‍ നാലിന് 86 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റുപോകാതെ പിടിച്ചുനില്‍ക്കാന്‍ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ പുറത്തായതും, വിരാട് കോലി നാലു റണ്‍സ് മാത്രമെടുത്തു മടങ്ങിയതും ആദ്യ ദിനത്തിലെ അവസാന സെഷനില്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു.
യശസ്വി ജയ്‌സ്വാള്‍ (52 പന്തില്‍ 30), രോഹിത് ശര്‍മ (18 പന്തില്‍ 18), രവീന്ദ്ര ജഡേജ (25 പന്തില്‍ 14), സര്‍ഫറാസ് ഖാന്‍ (പൂജ്യം), അശ്വിന്‍ (13 പന്തില്‍ ആറ്), ആകാശ്ദീപ് (പൂജ്യം) എന്നിവരാണു പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
സ്‌കോര്‍ 25ല്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റ് ഹെന്റി ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് സ്പിന്നര്‍ അജാസ് പട്ടേലിനാണ്. അവസാന ഓവറുകളില്‍ കളിക്കാനായി ഇറങ്ങിയ സിറാജ് ആദ്യ പന്തില്‍ തന്നെ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. കോലി റണ്‍ഔട്ടായി. ശനിയാഴ്ച അര്‍ധ സെഞ്ചറി നേടി കുതിച്ച ഋഷഭ് പന്തിനെ ഇഷ് സോധി വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. മധ്യനിരയില്‍ രവീന്ദ്ര ജഡേജയും സര്‍ഫറാസ് ഖാനും പൊരുതാതെ കീഴടങ്ങി. വാഷിങ്ടന്‍ സുന്ദറിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ലീഡില്‍ എത്തിച്ചത്.
കിവീസിനായി സ്പിന്നര്‍ അജാസ് പട്ടേല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 235 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടന്‍ സുന്ദറും തകര്‍ത്തെറിഞ്ഞപ്പോള്‍ 65.4 ഓവറില്‍ കിവീസ് ഓള്‍ഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍ നാലു വിക്കറ്റുകളും സ്വന്തമാക്കി.