ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണംകെട്ടതിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് വിരുന്നൊരുക്കി ന്യൂസീലന്‍ഡ് താരങ്ങള്‍. ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറിയുമായി കിവീസിനെ മുന്നില്‍നിന്നു നയിച്ചു. 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ്. 105 പന്തുകള്‍ നേരിട്ട ഡെവോണ്‍ കോണ്‍വെ 91 റണ്‍സെടുത്തു പുറത്തായി. രചിന്‍ രവീന്ദ്രയും (34 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (39 പന്തില്‍ 14) ക്രീസില്‍. കിവീസിന് നിലവില്‍ 134 റണ്‍സിന്റെ ലീഡുണ്ട്.

ക്യാപ്റ്റന്‍ ടോം ലാഥമും (49 പന്തില്‍ 15), വില്‍ യങ്ങുമാണ് (73 പന്തില്‍ 33) പുറത്തായ മറ്റു ബാറ്റര്‍മാര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ സൂക്ഷ്മതയോടെയായിരുന്നു ന്യൂസീലന്‍ഡിന്റെ ബാറ്റിങ്. സ്‌കോര്‍ 67 ല്‍ നില്‍ക്കെ ടോം ലാഥത്തെ കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യു ആക്കിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിന്റെ 37ാം ഓവറില്‍ വില്‍ യങ്ങും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ കുല്‍ദീപ് യാദവ് ക്യാച്ചെടുത്താണ് യങ്ങിനെ മടക്കിയത്. കോണ്‍വെ അശ്വിന്റെ പന്തില്‍ ബോള്‍ഡായി.

ഇന്ത്യ 46ന് പുറത്ത്

ആദ്യ ഇന്നിങ്‌സില്‍ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റണ്‍സെടുത്തു പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്‌കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്‌സില്‍ പിറന്നത്. 2020 ല്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിനു പുറത്തായിട്ടുണ്ട്. 1974ല്‍ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്‌സില്‍ 42 റണ്‍സിനും ഓള്‍ഔട്ടായി.

63 പന്തുകള്‍ നേരിട്ട ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സെടുത്തും പുറത്തായി. ന്യൂസീലന്‍ഡിനായി ഫാസ്റ്റ് ബോളര്‍ മാറ്റ് ഹെന്റി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഒറൂക്ക് നാലു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിനു പുറത്തായത്.ഏഴാം ഓവറില്‍ പേസര്‍ ടിം സൗത്തിയുടെ പന്തില്‍ രോഹിത് ബോള്‍ഡാകുകയായിരുന്നു. വില്‍ ഒറൂകിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ സര്‍ഫറാസും പുറത്തായി.

ആറു പന്തുകള്‍ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെന്റിയുടെ പന്തില്‍ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ അശ്വിനും പുറത്തായി. സ്‌കോര്‍ 39ല്‍ നില്‍ക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെന്റി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറില്‍ 46 റണ്‍സില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യ ഹോംഗ്രൗണ്ടില്‍ നാണം കെട്ടതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് എതിരെയടക്കം രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് ആരാധകര്‍ ചോദിച്ചു. അതുപോലെ ബെംഗളൂരുവിലെ സാഹച്യരങ്ങളെക്കുറിച്ച് നല്ലപോലെ അറിയാവുന്ന കെ എല്‍ രാഹുലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ സര്‍ഫറാസ് ഖാനും പിന്നിലായി ഇറക്കിയതിനെയും ആരാധകര്‍ ചോദ്യം ചെയ്തു.

ഒരു ദിവസം 400 അടിക്കാനും ഒരു ടെസ്റ്റ് മത്സരം തോല്‍ക്കാതിരിക്കാന്‍ രണ്ട് ദിവസം പിടിച്ചു നിന്ന് ബാറ്റ് ചെയ്യാനും കഴിയുന്നൊരു ടീമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. കളിക്കാരുടെ സമീപനത്തിലും അത്തരമൊരു മാറ്റമാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നതെന്നും ഇത് രണ്ടും ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലുണ്ടെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സമനിലക്കായി ഒരു മത്സരവും കളിക്കില്ലെന്നും ആദ്യ ലക്ഷ്യം എല്ലായ്‌പ്പോഴും വിജയം തന്നെയാണെന്നും സമനില എന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ സാധ്യത മാത്രമാണെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.