ധർമ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ധർമ്മശാലയിൽ നടക്കും. പരമ്പരയിൽ വിജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക്, കഴിഞ്ഞ മത്സരത്തിലെ തോൽവിയും നായകൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരുടെ മോശം ഫോമും പ്രധാന വെല്ലുവിളിയാണ് ഉയർത്തുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളിൽ ഈ മത്സരം നിർണ്ണായകമാണ്. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം.

മുല്ലാൻപൂരിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ടി20 ലോകകപ്പിന് രണ്ട് മാസത്തിൽ താഴെ മാത്രം അവശേഷിക്കെ, ടീമിന്റെ പ്രകടനവും പ്രധാന കളിക്കാർ ഫോമിലേക്ക് എത്താത്തതും ടീം മാനേജ്‌മെന്റിന് ആശങ്ക നൽകുന്നു. ഓപ്പണറായി ഇറങ്ങിയ ഗില്ലിന് ആദ്യ മത്സരത്തിൽ നാല് റൺസ് നേടാനായപ്പോൾ കഴിഞ്ഞ കളിയിൽ അക്കൗണ്ട് തുറക്കാനായില്ല. സൂര്യകുമാർ യാദവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ തുടരുന്നതിനാൽ സഞ്ജു സാംസൺ ബെഞ്ചിൽ തന്നെയായിരിക്കും. എന്നാൽ ഗില്ലിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന ബൗളിംഗ് ത്രയവും ഇന്ത്യക്ക് ആശ്വാസമാണ്. ടീമിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. അതേസമയം, മുല്ലാൻപൂരിലെ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയശില്പി ക്വിന്റൺ ഡി കോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രതീക്ഷ.

എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, മാർകോ യാൻസൻ തുടങ്ങിയ താരങ്ങൾ കൂടി ഫോമിലെത്തിയാൽ ഇന്ത്യൻ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാകില്ല. പേസർമാരെ തുണയ്ക്കുന്ന ധരംശാലയിലെ പിച്ചിൽ, രണ്ടാമത് പന്തെറിയുന്നത് കടുത്ത വെല്ലുവിളിയാണ്. ഇവിടെ നടന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളിൽ നാലിലും വിജയം റൺസ് പിന്തുടർന്ന ടീമുകൾക്കായിരുന്നു.

ധർമ്മശാലയിലെ ഉയർന്ന പ്രദേശത്തുള്ള ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ച് തുടക്കത്തിൽ പേസ് ബൗളർമാർക്ക് അനുകൂലമായ സാഹചര്യമൊരുക്കും. എന്നാൽ കളി പുരോഗമിക്കുമ്പോൾ പിച്ച് കൂടുതൽ സന്തുലിതമാവുകയും ചെയ്യും. ആദ്യ ആറ് ഓവറുകളിലെ പ്രകടനം മത്സരഫലത്തിൽ നിർണായകമാവുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

ദക്ഷിണാഫ്രിക്ക സാധ്യതാ ഇലവൻ: എയ്ഡൻ മർക്രം (ക്യാപ്റ്റൻ), ഓട്ട്‌നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടോണി ഡി സോർസി, ഡൊനോവൻ ഫെറേര, റീസ ഹെൻഡ്രിക്സ്, മാർക്കോ ജാൻസൺ, കേശവ് മഹാരാജ്, ജോർജ് ലിൻഡെ, ക്വാന മാഫാക്ക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്സ്.