ഹരാരെ: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ (യുഎസ്) 107 റൺസിന് പുറത്താക്കി ഇന്ത്യ. ഇന്ത്യൻ ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച് ഹെനിൽ പട്ടേലാണ് തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസിനെ ഇന്ത്യൻ ബൗളിംഗ് നിര തുടക്കം മുതൽ സമ്മർദ്ദത്തിലാക്കി.

ഏഴ് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങിയാണ് ഹെനിൽ പട്ടേൽ യുഎസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 36 റൺസ് നേടിയ നിതീഷ് സുദിനിയാണ് യുഎസ് നിരയിലെ ടോപ് സ്കോറർ. തുടക്കത്തിൽ തന്നെ ഒരു റണ്ണെടുത്ത ഓപ്പണർ അമരിന്ദർ ഗില്ലിനെ പുറത്താക്കി ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. രണ്ടാം വിക്കറ്റിൽ സാഹിൽ ഗാർഗും അർജുൻ മഹേഷും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തെങ്കിലും, 16 റൺസെടുത്ത സാഹിലിനെ പുറത്താക്കിയതോടെ യുഎസ് ബാറ്റിംഗ് തകരുകയായിരുന്നു.

ക്യാപ്റ്റൻ ഉത്കർഷ് ശ്രീവാസ്തവ ഡക്കായി മടങ്ങിയതും അവർക്ക് തിരിച്ചടിയായി. അർജുൻ മഹേഷ് 16 റൺസും അദ്‌നിത് 18 റൺസും നേടി. ആറ് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലായിരുന്ന യുഎസിന് നിതീഷ് സുദിനിയുടെ ഇന്നിംഗ്‌സ് മാത്രമാണ് ആശ്വാസമായത്. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിന്ന സുദിനി സ്കോർ നൂറ് കടത്താൻ സഹായിച്ചു. ഒടുവിൽ 35.2 ഓവറിൽ 107 റൺസിന് യുഎസ് ഓൾഔട്ടായി.