കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 196 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. തകർപ്പൻ തുടക്കവും അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് കരീബിയൻ കരുത്തിന് തുണയായത്.

ഓപ്പണർമാരായ ഷായ് ഹോപ്പും റോസ്റ്റൺ ചേസും ചേർന്ന് മികച്ച അടിത്തറയാണ് വിൻഡീസിന് നൽകിയത്. ഓപ്പണിങ് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത ഹോപ്പിനെ പുറത്താക്കി ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. മറുഭാഗത്ത് നിലയുറപ്പിച്ചു കളിച്ച റോസ്റ്റൺ ചേസ് 40 റൺസെടുത്തു. മധ്യനിരയിൽ ഹെറ്റ്‌മെയറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നായകൻ റോവ്മാൻ പവലും ജേസൺ ഹോൾഡറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. പവൽ 19 പന്തിൽ 34 റൺസും ഹോൾഡർ 22 പന്തിൽ 37 റൺസും അടിച്ചുകൂട്ടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

സിംബാബ്‌വെയ്‌ക്കെതിരെ ചെന്നൈയിൽ കളിച്ച അതേ ടീമിനെത്തന്നെയാണ് ഇന്ത്യ കൊൽക്കത്തയിലും നിലനിർത്തിയത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാൽ കുൽദീപ് യാദവിനെ പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മാറ്റങ്ങൾ വരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. വിൻഡീസ് നിരയിൽ ബ്രൻഡൻ കിങ്ങിന് പകരം അകീൽ ഹൊസൈൻ ടീമിലെത്തി.