മോങ് കോക്: ഹോങ്കോങ് സിക്‌സസ് ടൂർണമെന്റിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശകരമായ വിജയം. മഴയെത്തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യൻ ടീം വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. ഇന്ത്യൻ നിരയിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. 11 പന്തിൽ നിന്ന് 28 റൺസെടുത്ത ഉത്തപ്പ ടീമിൻ്റെ ടോപ് സ്കോററായി.

ഉത്തപ്പയുടെ ഇന്നിംഗ്‌സിൽ മൂന്ന് സിക്സറുകളും രണ്ട് ഫോറുകളും ഉൾപ്പെടുന്നു. ഭരത് ചിപ്ലി 13 പന്തിൽ നിന്ന് 24 റൺസ് നേടി മികച്ച പിന്തുണ നൽകി. ഉത്തപ്പ-ചിപ്ലി സഖ്യം ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകി. ദിനേശ് കാർത്തിക് 6 പന്തിൽ നിന്ന് 17 റൺസെടുത്ത് ടീമിനെ 86 റൺസിലെത്തിക്കാൻ സഹായിച്ചു. കാർത്തിക്കിൻ്റെ ഇന്നിംഗ്‌സിൽ ഒരു സിക്സറും രണ്ട് ഫോറുകളും ഉണ്ടായിരുന്നു.

87 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തിരിക്കെയാണ് മഴയെത്തിയത്. മാസ് സദാഖത്തിൻ്റെ (7) വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ദിനേശ് കാർത്തിക്കിൻ്റെ മികച്ച ക്യാച്ചിലൂടെ സ്റ്റുവർട്ട് ബിന്നി സദാഖത്തിനെ പുറത്താക്കുകയായിരുന്നു. ഖവാജ നഫായിക്കൊപ്പം 24 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സദാഖത്ത് മടങ്ങിയത്. തുടർന്ന് ഖവാജ (18), അബ്ദുൾ സമദ് (6 പന്തിൽ 13) എന്നിവർ ചേർന്ന് മത്സരം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ഇന്ത്യ: ഭരത് ചിപ്ലി (വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍), സ്റ്റുവര്‍ട്ട് ബിന്നി, അഭിമന്യു മിഥുന്‍, ഷഹബാസ് നദീം. പ്രിയങ്ക് പഞ്ചാല്‍ (ബെഞ്ച്).